മണികെട്ടിയതിന് ശേഷമുള്ള പൂച്ചയുടെയും എലികളുടെയും ജീവിതം അരങ്ങിലെത്തിച്ചു; തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒരുക്കിയ നാടകം ”ഓസ്‌കാര്‍ പുരുഷു” സംസ്ഥാന തലത്തിലേക്ക്
തിരുവങ്ങൂര്‍: കലോത്സവ നാടക അവതരണത്തിലെ കുത്തക ഒരിക്കല്‍ക്കൂടി ഉറപ്പിച്ചുകൊണ്ട് ജില്ലാ കായിക മേളയില്‍ നാടക മത്സരത്തില്‍ ഒന്നാമതെത്തി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. നാടകത്തില്‍ രാഗേന്ദു പൂച്ചയായി അഭിനയിച്ച തിരുവങ്ങൂരിലെ കീര്‍ത്തന എസ്.ലാല്‍ മകിച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
വീരാന്‍കുട്ടിയുടെ മണികെട്ടിയതിനുശേഷമുള്ള പൂച്ചയുടെയും എലികളുടെയും ജീവിതം എന്ന കവിതയെ അധികരിച്ച് ഒരുക്കിയ സ്വതന്ത്ര നാടക ആവിഷ്‌കാരമായ ‘ഓസ്‌കാര്‍ പുരുഷു’ എന്ന നാടകമാണ് തിരുവങ്ങൂരിലെ കുട്ടികള്‍ അവതരിപ്പിച്ചത്. സ്‌കൂളിലെ അധ്യാപകന്‍ കൂടിയായ പ്രശസ്ത നാടകകൃത്ത് ശിവദാസ് പൊയില്‍ക്കാവാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്.
വിദ്യാര്‍ഥികളായ ബെല ആര്‍.എസ്, കീര്‍ത്തന എസ്.ലാല്‍, ആയിഷ ഹെബാന്‍, ലക്ഷ്മിപ്രിയ, ശ്രീപാര്‍വ്വതി, ലിയാന ബീവി, ശിവാനി ശിവപ്രകാശ്, ദൃശ സായി, വിശാല്‍, അര്‍ജുന്‍ ബാബു എന്നിവരടങ്ങിയ സംഘമാണ് നാടകം അവതരിപ്പിച്ചത്. സനിലേഷ് ശിവന്‍ സഹസംവിധായകനാണ്. നിധീഷ് പൂക്കാടും ഹാറൂണ്‍ അല്‍ ഉസ്മാനുമാണ് കലാസംവിധാനം. ലിഗേഷ് പൂക്കാട് ചമയം നിര്‍വഹിച്ചു.
2008 മുതല്‍ എട്ടുമുതല്‍ കോഴിക്കോട് ജില്ലയിലെ പ്രതിനിധീകരിച്ച് ഒമ്പതുവര്‍ഷത്തോളം നാടക മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ പങ്കെടുത്തത് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളാണ്. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനമോ രണ്ടാംസ്ഥാനമോ നേടുകയും ചെയ്യാറുണ്ട്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ടീം നാടകവുമായി കലോത്സവ വേദിയിലെത്തുന്നത്.