‘സ്പീക്കർ പ്രസംഗിക്കുമ്പോള്‍ ആളുകള്‍ കിസ്സ പറഞ്ഞിരിക്കുകയാണ്.. ഞാന്‍ പിന്നെ ആരോട് പ്രസംഗിക്കാനാണ്.. കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ട്, അധ്യാപകർ ശ്രദ്ധിക്കുന്നില്ല’: പേരാമ്പ്രയിലെ പ്രസംഗം വേഗത്തില്‍ തീർത്ത് എ.എന്‍ ഷംസീർ
പേരാമ്പ്ര: ഉദ്ഘാടനത്തിനിടെ സദസ്സിലിരുന്ന് അധ്യാപകര്‍ സംസാരിച്ചതിനെ തുടര്‍ന്ന് പ്രസംഗം വേഗത്തില്‍ അവസാനിപ്പിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കോഴിക്കോട് ജില്ലാ സ്ക്കൂള് കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.സ്പീക്കര്‍ സംസാരിക്കുന്നതിനിടെ അധ്യാപകര്‍ സദസ്സിലിരുന്ന് സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ പ്രസംഗം കേള്‍ക്കുന്നുണ്ട്, എന്നാല്‍ അധ്യാപകരാണ് ഇരുന്ന് സംസാരിക്കുന്നതെന്ന് പറഞ്ഞ് സ്പീക്കര്‍ പ്രസംഗം വേഗത്തില്‍ അവസാനിപ്പിക്കുകയായിരുന്നു.
സ്പീക്കറുടെ വാക്കുകളിലേക്ക്;
”ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല, കാരണം ആളുകള്‍ ഇങ്ങനെ സ്പീക്കര്‍ സംസാരിക്കുമ്പോള്‍ അവിടെ കിസ്സ പറഞ്ഞിരിക്കുവാണ്. ഇത് പിന്നെ ഞാനാരോട് പ്രസംഗിക്കാനാണ്. അതുകൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യം വേഗം പ്രസംഗം ചുരുക്കുക എന്നാണ്. മറ്റു കൂടുതല്‍ കാര്യങ്ങളിലേക്കൊന്നും കടന്നുപോവാതെ. ശരിക്കും കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ട്. അധ്യാപകരാണ് ശ്രദ്ധിക്കാത്തത്. അതിനേക്കാള്‍ നല്ലത് പ്രസംഗം നിര്‍ത്തുന്നതാണ്. അതുകൊണ്ട് കൂടുതല്‍ കാര്യങ്ങളിലേക്ക് കടന്നുപോവാതെ കോഴിക്കോട് ജില്ലാ യൂത്ത് ഫെസ്റ്റിവല്‍ ഇന്നിവിടെ തിരി തെളിയുമ്പോള്‍ നല്ല വീറും വാശിയോടും മത്സരങ്ങള്‍ നടക്കണം. അടുത്ത സംസ്ഥാന യൂത്ത് ഫെസ്റ്റിവലും കോഴിക്കോട് ജില്ലയ്ക്ക് കിട്ടട്ടെ എന്നാശംസിച്ചുകൊണ്ട് നിങ്ങളുടെയെല്ലാം അനുവാദത്തോടെ കൂടി ജില്ലാ യൂത്ത് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് ഞാന്‍ നിര്‍ത്തുന്നു.
ഇത്രയുമായിരുന്നു സ്പീക്കര്‍ ഉദ്ഘാടന പ്രസംഗത്തിനിടെ സംസാരിച്ചത്. എന്നാല്‍ പ്രസംഗം തീര്‍ന്ന് മണിക്കൂറുകള്‍ കഴിയുംമുമ്പേ ഉദ്ഘാടനത്തിനിടെ അധ്യാപകര്‍ സംസാരിച്ചു, സ്പീക്കര്‍ പിണങ്ങി വേദി വിട്ടു എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു.