‘ഉളളിലൊരു തീപ്പൊരിയുണ്ടെങ്കില്‍ പ്രായമൊന്നും ഒരു പ്രശ്നമല്ലെന്നേ..’; അന്പത്തിനാലാം വയസ്സില്‍ എം.എ പൊളിറ്റിക്സില്‍ പൊളിയാവാന് ചെങ്ങോട്ട്കാവിലെ നെയ്ത്ത് തൊഴിലാളിയായ പദ്മിനി
ജീവിത പ്രതിസന്ധികള്‍ കാരണം പഠിപ്പ് മുടങ്ങിയ അനേകം ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റും. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടതുതന്നെയെന്ന് മനസിലുറപ്പിച്ച് കാലം കഴിക്കുകയാണ് പലരും ചെയ്യാറുള്ളത്. എന്നാല്‍ ചെങ്ങോട്ടുകാവിലെ നെയത്ത് തൊഴിലാളിയായ എന്‍.പദ്മിനി അങ്ങനെ ആശ്വസിക്കാന്‍ തയ്യാറല്ലായിരുന്നു. താല്പര്യമുണ്ടെങ്കില് പഠനത്തിന് പ്രായവും പ്രതിസന്ധികളും ഒരു തടമല്ല എന്നതിന് തെളിവായി ഇന്ന് നമ്മുടെ മുന്നിലുണ്ട് പദ്മിനി.
വിവാഹം, കുടുംബം, ജോലി, കുടുംബ പ്രാരാബ്ധങ്ങള്‍ എന്നിങ്ങനെ ജീവിതത്തിന്റെ പലപല ഘട്ടങ്ങള്‍ക്കിടയില്‍ മുടങ്ങിക്കിടക്കുകയായിരുന്നു പഠനം. എന്നാല്‍ ഏതോ ഒരു ഘട്ടത്തില്‍ പദ്മിനി പഠനം തുടരുകയെന്ന സ്വപ്നത്തിന് ചിറകുനല്‍കി. ഇന്ന് പ്രീഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞ് എം.എ പൊളിറ്റിക്സ് വരെ എത്തി നില്‍ക്കുകയാണ് പദ്മിനി.
പദ്മിനിയടക്കം മൂന്ന് മക്കളടങ്ങിയതായിരുന്നു അവരുടെ കുടുംബം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം 1985 കാലഘട്ടത്തില്‍ പ്രീഡിഗ്രിയോടെ പഠനം നിര്‍ത്തേണ്ടിവന്നു. പിന്നീട് വിവാഹത്തിനു ശേഷം കുടുംബ ജീവിത തിരക്കിലേക്ക് കടന്നപ്പോള്‍ പഠനം പൂര്‍ത്തിയാക്കുക എന്ന ആഗ്രഹം മൂടിവെക്കേണ്ടിവന്നു.
എന്നാല്‍ വിവാഹത്തിനു ശേഷവും നിരന്തരമുളള വായന തുടര്‍ന്നിരുന്നെന്ന് പദ്മിനി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. വായനയോടുളള അടങ്ങാത്ത താല്പര്യമാണ് പത്മിനിയെ മുന്നോട്ടുനയിച്ചത്. ഇടയ്ക്കെപ്പോഴോ കുഞ്ഞുകുഞ്ഞു കവിതകള്‍ രചിക്കുവാന്‍ തുടങ്ങി. ചെറിയ കവിതകളില്‍ നിന്നും തുടങ്ങിയ പത്മിനി പിന്നീട് കവിതാ മത്സരങ്ങളില്‍ പങ്കെടുക്കുകയും സ്റ്റേറ്റ് തലങ്ങളില്‍ വരെ സമ്മാനവും നേടുകയും ചെയ്തു. കവിതാ മത്സരങ്ങളിലും മറ്റും പങ്കെടുത്തതോടെ നിരവധി കവയിത്രികളെയും കവികളെയും അടുത്ത് പരിചയപ്പെടാന്‍ സാധിച്ചെന്ന് പത്മിനി പറഞ്ഞു.
പത്രത്തില്‍ വന്ന സാക്ഷരതാമിഷന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതി കണ്ടപ്പോള്‍ പഠനം വീണ്ടും തുടങ്ങണമെന്ന് തീരുമാനിക്കുകയായിരുന്നു. ബോയ്സ് ഹൈസ്കൂളില്‍ പ്ലസ്ടു പഠനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. 30 വര്‍ഷത്തിന് ശേഷം തന്നേക്കാള്‍ പ്രായം കുറഞ്ഞവരുടെ കൂടെ പഠിക്കുന്നത് ആദ്യമൊക്കെ കുറവ് തോന്നിയെങ്ങിലും അധ്യാപകരുടെ സമ്പൂര്‍ണ്ണ പിന്തുണ കാരണം പ്രായമെന്നും ഒരു വിഷയമല്ലാതായി തുടങ്ങി. ഹ്യൂമാനിറ്റീസിലാണ് പത്മിനി പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. 1200 ല്‍ 1002 രണ്ട് മാര്‍ക്ക് വാങ്ങിയാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്.
ചേമഞ്ചേരി ഖാദി സെന്ററില്‍ നെയ്ത്തുതൊഴിലാളിയായി ജോലി ചെയ്യുമ്പോഴായിരുന്നു പ്ലസ്ടു പഠനം. പഠനത്തിനായി സ്കൂളിലേക്ക് തിരക്കിട്ട് പായുമ്പോള്‍ നാട്ടുകാര്‍ തന്നെ അമ്പരപ്പോടെ നോക്കിയത് പത്മിനി ഓര്‍ത്തു പറയുന്നു.
എഴുത്ത് താല്പ്പര്യമുളളതിനാല് പ്ലസ്ടു പഠനത്തിന് ശേഷം ഡിഗ്രി കൂടി ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു. ബിരുദത്തിനായി മലയാളം തിരഞ്ഞെടുക്കാമെന്നായിരുന്നു അദ്യം കരുതിയത്. പിന്നീട് പ്ലസ്ടുവില്‍ ഏറ്റവും ഇഷ്ടമുളള വിഷയമായ പൊളിറ്റിക്സ് തന്നെ എടുക്കാം എന്ന് തീരുമാനിച്ചു. ഇന്ത്യന്‍ ഭരണഘടനയെയും രാഷ്ട്രീയത്തെയുമെല്ലാം കൂടുതല്‍ അറിയാന്‍ പൊളിറ്റിക്സ് പഠനത്തിലൂടെ സാധിച്ചെന്നും പദ്മിനി പറയുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ പൊളിറ്റിക്സില്‍ ഫസ്റ്റ് ക്ലാസോടെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. 2017 ല്‍ ആരംഭിച്ച തുടര്‍ പഠനം പത്മിനിയെ എം.എ വരെ എത്തിച്ചു. തന്നെപ്പോലെ പഠനം പാതിവഴിയിലായ പലരും ഇപ്പോള്‍ തുടര്‍പഠന സാധ്യതയെക്കുറിച്ച് അന്വേഷിക്കാറുണ്ടെന്നും അവര്‍ക്കൊരു മാതൃകയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പദ്മിനി പറയുന്നു.
ഇതിനിടെയില്‍ യൂട്യൂബ് ക്ലാസുകളും മറ്റും നോക്കി എല്‍.എല്‍.ബി പരീക്ഷയും പദ്മിനി എഴുതി. റിസള്‍ട്ട് വന്നപ്പോള്‍ 1571 റാങ്കും ലഭിച്ചിരുന്നു. എം.എ പഠനത്തിനു ശേഷം ഗവണ്മെന്റ് ലോ കോളേജില്‍ എല്‍.എല്‍.ബി ചെയ്യാനാണ് ആഗ്രഹമെന്നും പദ്മിനി പറയുന്നു.
ഇതിനൊക്കെ എവിടുന്നാണാ സമയം എന്നു ചോദിച്ചപ്പോള്‍ പത്മിനിയുടെ മറുപടി ഇങ്ങനെയായിരുന്നു ‘ എല്ലാവര്ക്കും സമയം 24 മണിക്കൂര്‍ തന്നെയാണ് എന്നാല്‍ ആഗ്രഹങ്ങള്‍ പൂര്ത്തീകരിക്കാല് നിശ്ചയദാര്‍ഢ്യമുളള ഒരു മനസ്സുണ്ടെങ്കില്‍ നമുക്ക് എന്തും നേടിയെടുക്കാം’. കുടുംബത്തിന്റെ പിന്തുണയും അധ്യാപകരുടെ പിന്തുണയുമാണ് തന്നെ തളര്‍ത്താതെ ഇത്രവരെയും എത്തിച്ചത്. അതിയായ ആഗ്രഹം ഉളളിലുണ്ടെങ്കില്‍ വിചാരിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്ന് പത്മിനി വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നു. ഉളളിലുളള തീപ്പൊരി എന്നും സൂക്ഷിക്കുന്നതോടൊപ്പം കഠിനാധ്വാനവും നിര്‍ബന്ധമാണെന്ന് പത്മിനി ഓര്‍മിപ്പിക്കുന്നു.