അപ്പീലുകള്‍ക്ക് അതീതമായി ആരോഗ്യപരമായ രീതിയില്‍ വാശിയേറിയ പോരാട്ടം കാഴ്ചവയ്ക്കണമെന്ന് സ്പീക്കര്‍; പേരാമ്പ്രയില്‍ 62മത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു
പേരാമ്പ്ര: 62മത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കം. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിര്‍വ്വഹിച്ചു. അപ്പീലുകള്‍ക്ക് അതീതമായി ആരോഗ്യപരമായ രീതിയില്‍ കലോത്സവത്തില്‍ മത്സരിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാന്ധിയന്‍ ആദര്‍ശങ്ങളെ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കുന്ന സാഹചര്യത്തില്‍ ഗാന്ധിസ്മൃതി ഉണര്‍ത്തുന്ന പേരുകളുമായാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. അത് മാതൃകാപരമാണ് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കലോത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു. പേരാമ്പ്ര നിയോജക മണ്ഡലം എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നഗരത്തിലുമായി സജ്ജമാക്കിയ 19 വേദികളിലായാണ് സ്റ്റേജ് മത്സരങ്ങള്‍ നടക്കുന്നത്. പേരാമ്പ്ര എച്ച്എസ്എസ്, ദക്ഷിണാമൂര്‍ത്തി ഹാള്‍, ജിയുപിഎസ് പേരാമ്പ്ര, ബഡ്സ് സ്‌കൂള്‍, ദാറുന്നുജും ആര്‍ട് ആന്റ് സയന്‍സ് കോളേജ്, എന്‍.ഐ.എം എല്‍.പി സ്‌കൂള്‍, സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, സികെജിഎം ഗവ കോളേജ് എന്നിവിടങ്ങളിലാണ് വേദികള്‍.
ഗാന്ധിസ്മൃതി ഉണര്‍ത്തുന്ന പേരുകളുമായാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. 309 ഇനങ്ങളിലായി 17 ഉപജില്ലകളില്‍ നിന്നുള്ള പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.
ചടങ്ങിൽ നാദാപുരം എം.എൽ.എ ഇ.കെ വിജയൻ വിഷിഷ്ടാതിഥിയായി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി ബാബു, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗവാസ്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ പ്രമോദ്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, താമരശ്ശേരി ഡി.ഇ.ഒ മൊനിയുദ്ദീൻ കെ.എ.എസ് തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് ഡി.ഇ.ഒ സി മനോജ് കുമാർ സ്വാഗതവും സ്വീകരണ കമ്മറ്റി കണ്‍വീനർ ബി.പി ബിനീഷ് നന്ദിയും പറഞ്ഞു.[mid5]