വെളിയന്നൂര്‍ ചല്ലി കൃഷിയോഗ്യമാകാന്‍ വഴിയൊരുങ്ങുന്നു; 20.7 കോടിയുടെ പ്രവൃത്തിക്ക് സാങ്കേതിക അനുമതിയായി, ടെണ്ടര്‍ നടപടികളിലേക്ക്
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ പ്രധാന പാടശേഖരമായ വെളിയന്നൂര്‍ ചല്ലി പൂര്‍ണമായും കൃഷിയോഗ്യമാക്കാനുള്ള പദ്ധതിക്ക് ജീവന്‍വെക്കുന്നു. ഇതിനായി 20.7 കോടി രൂപയുടെ പ്രവൃത്തിക്ക് സാങ്കേതിക അനുമതി ലഭിച്ചിരിക്കുകയാണ്. ഇതോടെ ടെണ്ടര്‍ നടപടികളിലേക്ക് കടക്കും.
അരിക്കുളം കീഴരിയൂര്‍ പഞ്ചായത്തിലും കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലുമായി വ്യാപിച്ചു കിടക്കുന്നതാണ് ഈ പാടശേഖരം. 279.78 ഹെക്ടര്‍ പാടശേഖരമാണ് വെളിയണ്ണൂര്‍ ചല്ലിയില്‍ ഉളളത്. ഇതില്‍ 90 ശതമാനം സ്ഥലവും നെല്‍കൃഷി ചെയ്യാതെ വെറുതെ കിടക്കുകയാണ്. 20.7 കോടിയുടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ മുഴുവന്‍ സ്ഥലത്തും നെല്‍കൃഷി ചെയ്യാന്‍ കഴിയുമെന്നാണ് ഇറിഗേഷന്‍ വകുപ്പ് പ്രതീക്ഷിക്കുന്നത്.
നെല്‍കൃഷി ചെയ്യാത്ത സ്ഥലത്ത് ജല ടൂറിസം പദ്ധതിയും വിഭാവനം ചെയ്യുന്നു. പദ്ധതി യാഥാര്‍ത്ഥ്യമായല്‍ 200 ഹെക്ടറില്‍ നെല്‍കൃഷി ഉള്‍പ്പെടെയുളള സംയോജിത കൃഷിയും, ടൂറിസം വികസനത്തിനും ഉപകരിക്കും. ഏതാണ്ട് 4000 കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകും.
ഹരിത കേരളം, സുഭിക്ഷ കേരളം എന്നീ പദ്ധതികളുടെ ഭാഗമായി വെളിയണ്ണൂര്‍ ചല്ലി സംയോജിത കൃഷി വികസനത്തിന് അനുയോജ്യമാണെന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ പഠനത്തില്‍ ബോധ്യമായിട്ടുണ്ട്. ചല്ലിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നെല്‍കൃഷി, ഔഷധ സസ്യകൃഷി, മീന്‍ വളര്‍ത്തല്‍, കന്നുകാലികൃഷി, താറാവ് വളര്‍ത്തല്‍ എന്നിവയും വെളളക്കെട്ട് കൂടുതലുളള പുഴയുടെ ഭാഗത്ത് ബോട്ടിംഗ് ടുറിസം എന്നിവയും നടത്താനും പദ്ധതിയുണ്ട്.
മഴക്കാലത്തും വേനല്‍ക്കാലത്തും വെളളക്കെട്ടും, ഉയര്‍ന്ന ചില ഭാഗങ്ങളില്‍ ജല ദൗര്‍ലഭ്യവും നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ചല്ലിയിലുണ്ട്. കനാല്‍ ചോര്‍ച്ച നിമിത്തമാണ് വേനലിലും ചല്ലിയില്‍ വെളളക്കെട്ടുയരാന്‍ ഇടയാകുന്നത്.