രോഗിയുമായി ആശുപത്രിയിലെത്തിയാല്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലംതിരഞ്ഞ് പോകേണ്ട സ്ഥിതി, ദേശീയപാതയോരത്തുള്ള പാര്‍ക്കിങ് അപകടം ക്ഷണിച്ചുവരുത്തുന്നത്; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പാര്‍ക്കിങ് പ്രശ്നത്തിന് ഇനിയും പരിഹാരമായില്ല
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമില്ലാത്തത് ആശുപത്രിയില്‍ എത്തുന്നവര്‍ക്കും ദേശീയപാതവഴിയുള്ള ഗതാഗതത്തിനും തടസമാകുന്നു. ദേശീയപാതയുടെ ഒരുഭാഗത്ത് ആശുപത്രിയിലേക്ക് വരുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും, മറുഭാഗത്ത് ടാക്സി സ്റ്റാന്റുമാണ്.
ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയില്‍ എത്തുന്നവര്‍ക്കുപോലും രോഗിയെ ആശുപത്രിയിലിറക്കിയശേഷം ആശുപത്രിക്ക് പുറത്ത് കടന്ന് പാര്‍ക്കിങ്ങിന് സ്ഥലം തിരയേണ്ട അവസ്ഥയാണ്. ആശുപത്രിയ്ക്ക് സമീപത്തെ ദേശീയപാതയോരത്ത് ഇരുചക്രവാഹനങ്ങള്‍ നിറഞ്ഞിരിക്കുമെന്നതിനാല്‍ ആശുപത്രിയില്‍ നിന്നും ഏതാണ്ട് അഞ്ഞൂറ് മീറ്ററോളം അകലെയുള്ള റെയില്‍വേ സ്റ്റേഷന് റോഡിലേക്ക് വാഹനം കയറ്റി പാര്‍ക്ക് ചെയ്യേണ്ട ഗതികേടാണെന്നാണ് രോഗിയുമായി വരുന്നവര്‍ പറയുന്നത്. ഇവിടെ വാഹനം പാര്‍ക്ക് ചെയ്ത് തിരികെ നടന്നുവന്നശേഷമേ രോഗിയുടെ കാര്യം ശ്രദ്ധിക്കാന്‍ കഴിയൂവെന്ന അവസ്ഥയാണ് പലപ്പോഴും.
ആശുപത്രി മതിലിന് പുറത്ത് ദേശീയപാതയുടെ സൈഡില്‍ എപ്പോഴും വാഹനങ്ങള്‍ നിറഞ്ഞുനില്ക്കുന്ന സ്ഥിതിയാണ്. വലിയ കാറുകളും മറ്റും ഇവിടെ പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കും. മാസങ്ങള്‍ക്ക് മുമ്പ് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളിലേക്ക് കാറിടിച്ച് കയറി എട്ടോളം ബൈക്കുകള്‍ തകര്‍ന്നിരുന്നു. ആ സമയത്ത് ഇവിടെ ആളുകള്‍ ഇല്ലാത്തതിനാലാണ് ആളപായം സംഭവിക്കാതിരുന്നത്. ഇതിന് പുറമേ ഇരുചക്രവാഹനങ്ങളും കാറുകളും ഇവിടെ നിന്നും എടുക്കുന്ന സമയത്തും മറ്റും മറ്റുവാഹനങ്ങളുമായി തട്ടുന്നത് പതിവാണ്.
നേരത്തെ, ആശുപത്രിയ്ക്ക് പുറത്ത് കാറിടിച്ച് ബൈക്കുകള്‍ തകര്‍ന്ന സമയത്ത് ഈ പ്രശ്നം കൊയിലാണ്ടി ന്യൂസ് നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആശുപത്രിയിലെ പാര്‍ക്കിങ് പ്രശ്നത്തിന് പെട്ടെന്നുതന്നെ പരിഹാരം കാണുമെന്ന് പറഞ്ഞെങ്കിലും മാസങ്ങള്‍ക്കിപ്പുറവും അപകട സ്ഥിതി തുടരുകയാണ്.
താലൂക്ക് ആശുപത്രിയ്ക്കുള്ളില്‍ പുതുതായി കെട്ടിടം നിര്‍മ്മിക്കാനിരിക്കുന്ന സ്ഥലം ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുകയാണ്. ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരാണ് ഇവിടെ പാര്‍ക്ക് ചെയ്യുന്നത്. രോഗികളുമായി വരുന്ന വാഹനങ്ങള്‍ക്ക് കൂടി താല്‍ക്കാലികമായി പാര്‍ക്കിങ് അനുമതി നല്കുകയാണെങ്കില് അത് ദേശീയപാതയോരത്തുള്ള വാഹനങ്ങളുടെ നീണ്ട നിര ഒഴിവാകുകയും ആശുപത്രിയില്‍ രോഗികളുമായെത്തുന്നവര്‍ക്ക് സഹായകരമാകുകയും ചെയ്യും.