വടകര തിരുവള്ളൂരില്‍ അടച്ചിട്ട വീടിന്റെ വാതില്‍ കുത്തി തുറന്ന് മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു


വടകര: തിരുവള്ളൂരില്‍ അടച്ചിട്ട വീടിന്റെ വാതില്‍ കുത്തി തുറന്ന് മോഷണം നടന്നതായി പരാതി. വാഴാട്ട്‌പൊയില്‍ ടി.കെ കുഞ്ഞമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന നാല് പവന്‍ സ്വര്‍ണ നാണയവും 45,000 രൂപയും മോഷണം പോയിട്ടുണ്ട്.

വീടിന്റെ പുറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കുഞ്ഞമ്മദും ഭാര്യയും വിദേശത്താണ്. ബന്ധുക്കള്‍ ശനിയാഴ്ച വീട് വൃത്തിയാക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. മുഴുവന്‍ അലമാരകളും തകര്‍ത്തിട്ടുണ്ട്. രണ്ടേകാല്‍ ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

സംഭവത്തില്‍ പോലീസില്‍ പരാതിനല്‍കിതിന്റെ അടിസ്ഥാനത്തില്‍ വടകര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.