ബാലുശ്ശേരി ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടി; പരിക്കേറ്റ മൂന്ന് പേർ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍


ബാലുശ്ശേരി: ബാലുശ്ശേരി ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് സംഭവം.

പൂനൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളും നന്മണ്ട ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളുമാണ് ഏറ്റുമുട്ടിയത്. കലോത്സവം നടക്കുന്ന സ്ഥലത്തെ സ്‌ക്കൂളിലെ ക്ലാസ് മുറിയില്‍ വച്ച് കോല്‍ക്കളി മത്സരത്തിന്റെ അവസാനഘട്ട പരിശീലനം നടത്തുകയായിരുന്നു പൂനൂര്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍.

ഇതിനിടയിലാണ് നന്മണ്ടയിലെ ഒരു കൂട്ടം വരുന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയില്‍ കയറി വിദ്യാര്‍ത്ഥികളെ അക്രമിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ പൂനൂര്‍ സ്‌ക്കൂളിലെ 3 വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ കാരണം വ്യക്തമല്ല.