ഫലസ്തീൻ: ഇസ്രയേലിനെ പിടിച്ചു കെട്ടാൻ ലോക രാഷ്ട്രങ്ങൾ മുൻകൈയെടുക്കണം; വിസ്‌ഡം ജില്ലാ ജനറൽ കൗൺസിൽ


കൊയിലാണ്ടി: ലോക രാഷ്ട്രങ്ങള്‍ മൗനം വെടിഞ്ഞ് ഇസ്രയേലിന്റെ കൈക്ക്‌ പിടിക്കാൻ തയ്യാറാവണമെന്ന് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ ജനറൽ കൗണ്‍സില്‍. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി കൗൺസിൽ ഉദ്ഘാടനം ചെയ്തു. വഞ്ചനയിലും ക്രൂരതയിലുമാണ്‌ ഇസ്രായേൽ 1948ൽ രൂപം കൊണ്ടത്. ബ്രിട്ടീഷുകാരുടെ കുതന്ത്രങ്ങളായിരുന്നു അതിന് പിന്നില്‍. ആധുനിക ലോകത്ത് മനുഷ്യാവകാശത്തിനു പോലും വിലയില്ലാതെ നിഷ്ടൂരമായാണ് കുട്ടികളെയും സ്ത്രീകളെയും മറ്റു സിവിലിയന്മാരെയും ആശുപത്രികളിലും അഭയാർത്ഥി ക്യാമ്പുകളിലും ബോംബ് വർഷം നടത്തി കൊണ്ടിരിക്കുന്നതെന്ന് കൗണ്‍സില്‍ പറഞ്ഞു.

മനുഷ്യരക്തം ചിന്തി ആത്മ സംതൃപ്തി കൈ വരിക്കുന്ന ഇസ്രയേലിനെ ഒറ്റപ്പെടുത്തേണ്ടതിന് പകരം കുത്തക രാഷ്ട്രങ്ങൾ അതിനെ തലോടുന്ന ദുരവസ്ഥയാണ് നമ്മുടെ കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുന്നത്. യു.എന്‍ പാസാക്കിയ എത്രയോ പ്രമേയങ്ങൾ ഈ കിരാത രാഷ്ട്രം കാറ്റിൽ പറത്തിയിട്ടും അതിനെതിരെ ഒരു ചെറു വിരൽ അനക്കാൻ പോലും കഴിയാത്തത് ആശങ്കയോടെ മാത്രമേ കാണാൻ പറ്റുകയുള്ളുവെന്നും കൗണ്‍സില്‍ പറഞ്ഞു.

സ്വന്തം മണ്ണിന് വേണ്ടി പട പൊരുതുന്ന അതിന് വേണ്ടി കഠിന പീഡനങ്ങൾ അനുഭവിക്കുന്ന ഫലസ്തീനികൾക്ക് കൗൺസിൽ ഐക്യ ദാർഢ്യം രേഖപ്പെടുത്തി. ഗസയിൽ നിന്ന് പൂർണമായും ഫലസ്തീനികളെ തുരത്താൻ ദുരുദ്ദേശപൂർവം ഇസ്രായേൽ നടത്തുന്ന നിഷ്ടൂര പ്രവർത്തനത്തിന് ലോകം മൗനം വെടിയണമെന്നു കൗൺസിൽ അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ്‌ ടി.പി.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സി.പി സലീം മുഖ്യ പ്രഭാഷണം നടത്തി. വിസ്‌ഡം ജില്ലാ ജനറൽ സെക്രട്ടറി കെ.ജമാൽ മദനി, വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി എം.കെ ഷമീർ, വിസ്‌ഡം സ്റ്റുഡന്റ്‌സ്‌ ജില്ലാ പ്രസിഡന്റ്‌ മൂനിസ് അൻസാരി, വിസ്‌ഡം ജില്ലാ ട്രഷറർ സി.പി സാജിദ്, സജീർ സി.പി, ഹംറാസ് കൊയിലാണ്ടി, ടി.പി നസീർ, അഡ്വ.കെ.പി.പി അബൂബക്കർ വിഷയങ്ങൾ അവതരിപ്പിച്ചു.

ഡിസംബർ 24ന് പയ്യോളിയിൽ നടക്കുന്ന ഫാമിലി കോൺഫറൻസിൻ്റെ ഭാഗമായുള്ള വിവിധങ്ങളായ കർമ്മ പദ്ധതികൾക്ക് കൗൺസിൽ അന്തിമ രൂപം നൽകി. നേർപഥം പ്രചാരണം ഊർജിതമാക്കാനും കൗൺസിൽ തീരുമാനിച്ചു. അമറുൽ ഫാറൂഖ് (ബാലുശ്ശേരി), ടി.എം നൗഫൽ (പൂനൂർ), അബ്ദുസലാം പോനാരി(പയ്യോളി), വി.വി ബഷീർ (വടകര), കുഞ്ഞഹമ്മദ് വടേക്കണ്ടി (നാദാപുരം), കെ.റഷീദ് മാസ്റ്റർ (പേരാമ്പ്ര), മജീദ് മാസ്റ്റർ (കൊയിലാണ്ടി ) എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കെ.അബ്ദുൽ നാസർ മദനി സ്വാഗതവും സി.കെ റഷീദ് ഹസൻ നന്ദിയും പറഞ്ഞു.