അമ്പോ ചീങ്കണ്ണി തന്നെ! നാട്ടുകാര്‍ക്ക് കൗതുകമായി മണിയൂര്‍ പാലയാട് നടയില്‍ കണ്ടെത്തിയ ‘ഭീമന്‍ കടലാമ’


വടകര: ഇത്രയും വലിയ ആമയോ അമ്പോ! തിങ്കാളാഴ്ച മണിയൂര്‍ പാലയാട് നടയില്‍ കണ്ടെത്തിയ കടലാമയെ കണ്ട കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത് ഇതുമാത്രമായിരുന്നു. ചൊവ്വാപ്പുഴയോട് ചേര്‍ന്ന് തുരുത്തിയില്‍ കുഞ്ഞിരാമന്റെ ഉടമസ്ഥതയിലുള്ള തോട്ടില്‍ തിങ്കളാഴ്ച പകല്‍ പതിനൊന്ന് മണിയോടെയാണ് ഏതാണ്ട് 70 കിലോയോളം തൂക്കം വരുന്ന ഭീമന്‍ കടലാമയെ കണ്ടെത്തിയത്.

കുഞ്ഞിരാമന്റെ മകന്‍ രാജീവന്‍ തോട്ടിലൂടെ തോണിയില്‍ വരുമ്പോഴായിരുന്നു സംഭവം. വലിപ്പം കണ്ടപ്പോള്‍ ആദ്യം ചീങ്കണ്ണിയാണെന്നാണ് കരുതിയത്. എന്നാല്‍ സൂക്ഷ്മമായി നോക്കിയപ്പോഴാണ് കടലാമയാണെന്ന് തിരിച്ചറിഞ്ഞത്. രാജീവന്‍ വിവരമറിയിച്ചതോടെ നാട്ടുകാര്‍ സ്ഥലത്തെത്തി. ശേഷം അവശനിലയിലായിരുന്ന ആമയെ നാട്ടുകാര്‍ ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റില്‍ തോട്ടില്‍ നിന്നും പുറത്തെത്തിക്കുകയായിരുന്നു. ശേഷം പോലീസിലും ഫോറസ്റ്റ് വകുപ്പിലും വിവരം വിളിച്ചു പറഞ്ഞു. തുടര്‍ന്ന് ഫോറസ്റ്റ് വിഭാഗം കൊളാവിപ്പാലത്തെ തീരം ആമ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ടു.

ഏതാണ്ട് ഉച്ചയോടെ കൊളാവിപ്പാലത്ത് നിന്നും തീരം ഭാരവാഹികളെത്തി ആമയെ കൊണ്ടുപോവുകയായിരുന്നു. ഏതാണ്ട് ഒരു മീറ്ററോളം നീളമുള്ള ആമ ഗ്രീന്‍ ടര്‍ട്ടില്‍ ഇനത്തില്‍പ്പെട്ടതാകാനാണ് സാധ്യതയെന്നും, 30നും 40നും ഇടയിലാണ് ആമയുടെ പ്രായമെന്നുമാണ് തീരം ഭാരവാഹികള്‍ പറയുന്നത്‌.

കടലില്‍ നിന്നും അഴിമുഖം വഴി കുറ്റ്യാടി പുഴയിലൂടെ ചൊവ്വായി പുഴയിലെത്തിയാതാവണം എന്നാണ് നിഗമനം. തീരം കടലാമ സംരക്ഷണ കേന്ദ്രത്തില്‍ ആദ്യമായാണ് ഇത്ര വലിപ്പമുള്ള ഗ്രീന്‍ ടര്‍ട്ടില്‍ വിഭാഗത്തിലുള്ള ആമ എത്തുന്നതെന്നാണ് തീരം ഭാരവാഹികളായ കെ.സുരേന്ദ്രബാബു, സി.ദിനേശ് ബാബു, സി രാമകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞത്.