ഒത്തു ചേരാം ജീവിതം ആസ്വദിക്കാം; മുത്താമ്പിയില്‍ വയോജനങ്ങള്‍ക്കായി ‘നിറവ്’ കൂട്ടായ്മയുമായി നഗരസഭ


കൊയിലാണ്ടി: നഗരസഭ 2023 – 24 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഇരുപതാം വാർഡിൽ 60 വയസിന് മുകളിലുള്ള വയോജനങ്ങളുടെ കൂട്ടായ്മയായ ‘നിറവ്’ സംഘടിപ്പിച്ചു. മുത്താമ്പി എൻ.എസ് സ്മാരക ഗ്രന്ഥാലയത്തിൽ ചേർന്ന ഒത്തുചേരൽ വികസനകാര്യ അധ്യക്ഷ കെ.എ ഇന്ദിര ഉദ്ഘാടനം ചെയ്തു.

സി.വി കുഞ്ഞായൻ പ്രസിഡന്റായും ടി.ശ്രീധരൻ സെക്രട്ടറിയായും 9 അംഗ എക്‌സിക്യുട്ടീവ്‌ നിലവിൽ വന്നു. വയോജനങ്ങൾക്കായുള്ള ഒത്തുചേരൽ, യാത്രകൾ, മറ്റു വിവിധ പരിപാടികൾ തുടങ്ങിയവ ആസൂത്രണം ചെയ്യും. വാർഡ് കൗൺസിലർ എൻ.എസ് വിഷ്ണു അധ്യക്ഷത വഹിച്ചു.

മുൻ കൗൺസിലർ കെ എം ജയ, അങ്കണവാടി ടീച്ചർ ജീജ, കുടുംബശ്രീ എഡിഎസ് ചെയർപേഴ്‌സണ്‍ സുധിന, വൈസ് ചെയർപേഴ്‌സണ്‍ ഗീത എളവന തുടങ്ങിയവർ സംസാരിച്ചു. അങ്കണവാടി ടീച്ചർ ഇന്ദിര പുതിയോട്ടിൽ സ്വാഗതം പറഞ്ഞു. വേദിയിൽ വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.