ദേശീയപാത വികസനം; കൊയിലാണ്ടി – അണേല കടവ് റോഡ് അടച്ചു, ദുരിതത്തിലായി പ്രദേശവാസികള്‍


കൊയിലാണ്ടി: ദേശീയ പാത വികസന പ്രവര്‍ത്തിയുടെ ഭാഗമായി കൊയിലാണ്ടിയിലെ പ്രധാന റോഡായ മുന്‍സിപാലിറ്റി വഴിയുള്ള അണേലകടവ് കാവും വട്ടം റോഡ് അടച്ചു. സര്‍വീസ് റോഡുകളുടെ പണി പൂര്‍ത്തിയാകാതെ റോഡ് അടച്ചതില്‍ പ്രദേശവാസികളടക്കമുള്ളവര്‍ ദുരിതത്തിലാണ്.

ഇവിടെ അണ്ടര്‍ പാസിനായി നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂല മറുപടിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. റോഡ് അടച്ചതോടെ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ കോതമംഗലം സ്‌കൂളിലെത്താന്‍ ഒരു കിലോ മീറ്ററോളം ദൂരം അധികം യാത്ര ചെയ്യേണ്ട സ്ഥിതിയാണ്.

റോഡ് അടച്ചതോടെ കൊയിലാണ്ടി അണേല ഭാഗത്തേക്കുള്ള ബസുകള്‍ മുത്താമ്പി വഴി മണമല്‍ മുക്കില്‍ നിന്ന് അണേല ഭാഗത്തേക്കും തിരിച്ച് കോമത്തുകരയിലേക്കും പന്തലായനി ഭാഗത്തേക്കും സര്‍വീസ് റോഡിലൂടെയുമാണ്  യാത്ര ചെയ്യുക.