ജാനകിക്കാട് കൂട്ട ബലാത്സംഗ കേസ്; ഒന്ന്, മൂന്ന്, നാല് പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് നാദാപുരം കോടതി, രണ്ടാം പ്രതിക്ക് മുപ്പത് വർഷം തടവ്


കുറ്റ്യാടി: ജാനകിക്കാട് കൂട്ടബലാത്സംഗക്കേസില്‍ രണ്ടാം പ്രതിക്ക് മുപ്പത് വര്‍ഷം തടവ്. ഒന്ന്, മൂന്ന്, നാല്, പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. നാദാപുരം പോക്‌സോ കോടതിയുടെതാണ് വിധി. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. എല്ലാ പ്രതികളും ചുമത്തിയിട്ടുള്ള ഓരോവകുപ്പിനും 25,000 രൂപ വീതം പിഴയൊടുക്കണം.

അടുക്കത്ത് പാറച്ചാലില്‍ ഷിബുവിനാണ് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. പാലോളി അക്ഷയ്, മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ്, മൊയില്ലാത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. 2021 ഒക്ടോബറിലായിരുന്നു സംഭവം.

കേസിലെ ഒന്നാം പ്രതി സായൂജും പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഇത് മുതലെടുത്ത് സായൂജ് പെണ്‍കുട്ടിയെ ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിക്കുകയും അവിടെവച്ച് ജ്യൂസീല്‍ ലഹരി മരുന്ന് നല്‍കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ സായൂജിന്റെ സുഹൃത്തുക്കാളായ മൂന്ന് പേര്‍ സ്ഥലത്തെത്തി പെണ്‍കുട്ടി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് കുറ്റ്യാടി പുഴയോരത്ത് പെണ്‍കുട്ടിയെ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് തൊട്ടില്‍പാലം പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ, ബലാത്സംഗം, പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തിന് നേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.