പിഷാരികാവ് ക്ഷേത്രത്തിലെ മരാമത്ത് പ്രവൃത്തികള്‍ക്കു പിന്നിലെ അഴിമതി സംബന്ധിച്ച് സമഗ്രാന്വേഷണം വേണം: ആവശ്യമുയര്‍ത്തി ക്ഷേത്രസമിതി
കൊല്ലം: പിഷാരികാവ് ക്ഷേത്രത്തിലെ മരാമത്ത് പ്രവൃത്തികള്‍ക്കു പിന്നിലെ അഴിമതിയും ക്രമരഹിത നടപടികളും സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് ക്ഷേത്രസമിതി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവിനെ മറികടന്ന് മുന്‍ഗണനാ ക്രമം പാലിക്കാതെയാണ് പ്രവൃത്തി നടത്തിയതെന്ന ആക്ഷേപമുയര്‍ന്നിരുന്നു.
ഇതുസംബന്ധിച്ച് നിലവിലുള്ള കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ദേവസ്വം അധികാരികള്‍ക്കെതിരായി ‘വേലി തന്നെ വിളവു തിന്നുകയാണ്’ എന്ന പരാമര്‍ശം ഉണ്ടായത് അതീവ ഗുരുതരവും ദേവസ്വം അധികാരികളുടെ നിരുത്തരവാദ നടപടികളെയും സൂചിപ്പിക്കുന്നതുമാണെന്നും യോഗം വിലയിരുത്തി.
നാലമ്പലം നവീകരണ പ്രവര്‍ത്തിക്ക് 2011 ല്‍ രണ്ടരകോടി രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ബോര്‍ഡ് അംഗീകാരം നല്‍കുകയും ടെണ്ടര്‍ നടപടി പൂര്‍ത്തികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യഥാസമയം തുടര്‍നടപടികള്‍ സ്വീകരിക്കാത്തതു കാരണമുണ്ടായ കാലതാമസം കാരണമാണ് ഇപ്പോള്‍ അഞ്ചു കോടിയില്‍ അധികം രൂപ ചെലവഴിക്കേണ്ടി വന്നിരിക്കുന്നത്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.
ക്ഷേത്ര ഭരണാധികാരികളുടെ തെറ്റായ നടപടികളെ ചോദ്യം ചെയ്യുന്നതിന്റെ പേരില്‍ ക്ഷേത്ര ക്ഷേമ സമിതിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന കള്ളപ്രചരണങ്ങളില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയും ക്ഷേത്രത്തിന്റെ സ്വകാര്യ റോഡുമായ ആനക്കുളം കിഴക്കെ നട റോഡ്, വടയന കുളം എന്നിവയുടെ നവീകരണ പ്രവൃര്‍ത്തിയും കൊല്ലം ചിറയുടെ നവീകരണ പ്രവൃത്തിയും അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് വി.വി.ബാലന്‍ അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി വി.വി.സുധാകരന്‍ റിപ്പോര്‍ട്ട് അവതരപ്പിച്ചു. രക്ഷാധികാരികളായ ഇ.എസ്.രാജന്‍, അഡ്വക്കേറ്റ് ടി.കെ.രാധാകൃഷ്ണന്‍, ശശിന്ദ്രന്‍ മുണ്ടയ്ക്കല്‍, കെ.പിബാബു, പി .വേണു, രവീന്ദ്രന്‍ പുത്തലത്ത്, സന്തോഷ് പുത്തന്‍ പുരയില്‍, എം.വിജയ കുമാര്‍, കെ.പി.ചന്ദ്രന്‍, എന്‍.എം.വിജയന്‍, ശശി കോമത്ത്, മോഹനന്‍ പൂങ്കാവനം, ഗോപി.പി.പി, പ്രേമന്‍ നന്മന തുടങ്ങിയവര്‍ സംസാരിച്ചു.