അറിവിന്റെ ലോകത്തേക്ക്; കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ പിഷാരികാവ് ഒരുങ്ങി
കൊയിലാണ്ടി: കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ പിഷാരികാവ് ഒരുങ്ങി. നാളെ വിജയദശമി നാളിൽ പിഷാരികാവിൽ ആദ്യാക്ഷരം കുറിക്കാൻ നൂറു കണക്കിന് കുരുന്നുകളെത്തും. കാലത്ത് സരസ്വതി പൂജക്ക് ശേഷം നടക്കുന്ന വിദ്യാരംഭം കുറിക്കലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളായ കെ.പി സുധീര, ശത്രുഘ്നൻ, സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ് കെ.പി.രാമചന്ദ്രൻ, ഡോ: ടി.രാമചന്ദ്രൻ, മേൽശാന്തി എൻ.നാരായണൻ മൂസ്സത്, സന്തോഷ് മൂസ്സത് എന്നിവർ പങ്കെടുക്കും.
കാലത്ത് 6.30ന് നാദസ്വര കച്ചേരിയും 9.30ന് അശ്വനീ ദേവും സംഘവും നയിക്കുന്ന സംഗീതാരാധനയും ഉണ്ടായിരിക്കും. മഹാനവമി നാളിൽ നടന്ന കാഴ്ചശീവേലി തൊഴാൻ ആയിരകണക്കിന് ഭക്തരാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. കാലത്ത് ഓട്ടൻതുള്ളൽ, സംഗീതാർച്ചന, വൈകീട്ട് ഉജ്ജയിനി കലാക്ഷേത്രം വിദ്യാർഥികളുടെ ചെണ്ടമേള അരങ്ങേറ്റം, കൊല്ലം സൂര്യ നൃത്തവിദ്യാലയം അവതരിപിച്ച നൃത്തസന്ധ്യ എന്നിവ നടന്നു.