വെങ്ങളം മുതലുള്ള വഗാഡിന്റെ സൈറ്റുകളില്‍ നിന്നും ഇരുമ്പ് കമ്പി മോഷ്ടിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍
കൊയിലാണ്ടി: ദേശീയ പാത നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന വെങ്ങളം മുതലുള്ള വഗാഡിന്റെ സൈറ്റുകളില്‍ നിന്നും ഇരുമ്പ് കമ്പികള്‍ മോഷ്ടിച്ച കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുത്താമ്പി മഞ്ഞിലാട്ടുകുന്ന് അഷറഫ്(35)നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്ത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ഈ മാസം ആദ്യം അറസ്റ്റ് ചെയ്തിരുന്നു. വെങ്ങളം സ്വദേശി ഷംസുദ്ധീൻ, തമിഴ്നാട് സ്വദേശികളായ അരുൾ കുമാർ, അല്ലി രാജ് എന്നിവരാണ് പിടിയിലായത്. സൈറ്റുകളില്‍ നിന്നും മൂന്നു ടണ്ണോളം വരുന്ന ഇരുമ്പ് കമ്പികളാണ് പ്രതികള്‍ മോഷ്ടിച്ചത്.
ബൈപ്പാസ് പണി നടക്കുന്ന വെങ്ങളം മുതൽ ഇരുമ്പ് കമ്പി മോഷണം പോവുന്നത് പതിവായതോടെ വഗാഡ് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് പ്രതികള്‍ പിടിയിലായത്.
കൊയിലാണ്ടി സിഐ എം.ബിജുവിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ വി.അനീഷ്, പി.എം ശൈലേഷ്, അനിൽകുമാർ, സിപിഒമാരായ ബിജു വാണിയംകുളം, മിനേഷ് തുടങ്ങിയവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. കേസില്‍ പിടികൂടാനുള്ള ബാക്കി രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി കൊയിലാണ്ടി സിഐ പറഞ്ഞു.