തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിടി.എ തിരഞ്ഞെടുപ്പ്; വര്‍ഷങ്ങള്‍ക്ക് ശേഷം യു.ഡി.എഫ് നേതൃത്വത്തിലുള്ള മുന്നണി പാനലിന് ചരിത്ര വിജയം


പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നണിയ്ക്ക് ചരിത്ര വിജയം. സബീഷ് കുന്നങ്ങോത്തിന്റെ നേതൃത്വത്തിലുളള പതിനൊന്ന് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.

നിലവിലുളള പി.ടി.എ പ്രസിഡന്റ് ബിജു കളത്തിലിന്റെ പാനലിനെയാണ് യു.ഡി.എഫ് മത്സരാര്‍ത്ഥികള്‍ വോട്ടിങിലൂടെ തോല്‍പ്പിച്ചത്. കെ.കെ അന്‍സില, ബിജില മനോജ്, ലിഷ കെ കൈനോത്ത്, കെ റുഖിയ, എം പി സമീറ, കെ കെ തെന്‍സീറ സമീര്‍, ഇ കെ ബിജു, മൊയ്തീന്‍ പെരിങ്ങാട്ട്, രാജേഷ് കളരിയുള്ളതില്‍, റസാഖ് കാട്ടില്‍, സബീഷ് കുന്നങ്ങോത്ത് എന്നിവരാണ് വിജയിച്ച പാനലിലെ അംഗങ്ങള്‍.

ഉച്ചയ്ക്ക് തുടങ്ങിയ ജനറല്‍ ബോഡിയ്ക്ക് ശേഷം 6.30നാണ് രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടന്നത്. ഒരു രക്ഷിതാവിന് 11 പേര്‍ക്കായിരുന്നു വോട്ട് ചെയ്യാവുന്നത്. ഏജന്റുമാരുടെയും സ്ഥാനാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ 8 മണിയോട് കൂടിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

 

 

ജനറല്‍ ബോഡി യോഗത്തില്‍ പിടിഎ പ്രസിഡന്റ് കളത്തില്‍ ബിജു അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാനാധ്യാപകന്‍ കെ എന്‍ ബിനോയ് കുമാറിന് ഉപഹാരം നല്‍കി ആദരിച്ചു. പിടിഎയുടെ ഉപഹാരം ബിജു കളത്തിലും, എം പിടിഎയുടെ ഉപഹാരം പ്രസിഡന്റ് ശ്യാമിനിയും കൈമാറി. കെ ടി വിനോദന്‍, സബീഷ് കുന്നങ്ങോത്ത്, സജിത്ത് മാസ്റ്റര്‍, എം ടി ഗീത, മോഹനന്‍ പഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.