കൊയിലാണ്ടി ഹാര്‍ബർ പരിസരത്ത് മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍
കൊയിലാണ്ടി: ഹാര്‍ബറിന്റെ പരിസരത്തെ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തോളമായി കൊയിലാണ്ടി ഹാര്‍ബര്‍ പരിസരങ്ങളില്‍ കഴിഞ്ഞുവരുന്ന തിരുവനന്തപുരം സ്വദേശി ശശിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്‍പത്തിയഞ്ച് വയസായിരുന്നു.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഹാര്‍ബര്‍ പരിസരത്ത് അരീക്കുന്ന് കോളനിയില്‍ ഇയാള്‍ക്ക് അഞ്ച് സെന്റ് സ്ഥലമുണ്ട്. എന്നാല്‍ ഇവിടെ വീടോ മറ്റു സൗകര്യമൊ ഇല്ല. ഹാര്‍ബറിനെ ചുറ്റിപ്പറ്റി നിന്ന് ചെറു ജോലികള്‍ ചെയ്താണ് ഇയാള്‍ ജീവിച്ചുപോയത്.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിരുവനന്തപുരത്തെ ബന്ധുക്കളെ ബന്ധപ്പെടാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.