സംഗീത സാന്ദ്രമായി മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപം; പൂക്കാട് കലാലയത്തിത്തിലെ നവരാത്രി സംഗീതോത്സവത്തിന് തുടക്കം


പൂക്കാട്: പൂക്കാട് കലാലയത്തിത്തിലെ നവരാത്രി സംഗീതോത്സവം പ്രസിദ്ധ സംഗീതജ്ഞനും കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം ജേതാവുമായ മേപ്പയ്യൂർ ബാലൻ ഉദ്ഘാടനം ചെയ്തു. ഡോ.ജി.എസ് ബാലമുരളി കൊല്ലം ദീപ പ്രകാശനം ചെയ്തു. പുരസ്ക്കാര ജേതാവ് മേപ്പയ്യൂർ ബാലനെ അനുമോദിച്ചു കൊണ്ട് കലാലയം പ്രസിഡണ്ട് യു.കെ. രാഘവൻ സംസാരിച്ചു. കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി പൊന്നാടയണിയിച്ച് ഉപഹാര സമർപ്പണം നടത്തി.

തുടർന്ന് പൂക്കാട് കലാലയം സുവർണ്ണജൂബിലിയുടെ ഭാഗമായി വേണു പൂക്കാട് സ്മാരക നഗരിയിൽ ഒരുക്കിയ മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ ഡോക്ടർ ജി.എസ്. ബാലമുരളി കൊല്ലം സംഗീതക്കച്ചേരി അവതരിപ്പിച്ചു. വയലിനിൽ ആദർശ് ഗുരുവായൂർ മൃദംഗത്തിൽ കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണൻ മോർസിംഗ് കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവർ പക്കമേളമൊരുക്കി.

വരും ദിവസങ്ങളിൽ ദേവൻ അന്തിക്കാട് തൃശ്ശൂർ, ടി.എം അബ്ദുൽ അസീസ് കോഴിക്കോട്, സത്യൻ മേപ്പയ്യൂർ, അനുശ്രീ കലാമണ്ഡലം എന്നിവരുടെ സംഗീതക്കച്ചേരിയും, നോബി ബെൻഡക്സ് ഗസലും ലക്ഷ്മി എസ് ആർ, ഗായത്രി എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന വയലിൻ കച്ചേരിയും കലാനിലയം ഹരി, അഭിജിത്ത് വാര്യർ എന്നിവർ ചേർന്ന് കഥകളി പദവും അവതരിപ്പിക്കും. മഹാനവമിനാളിൽ രാവിലെ 9 മണി മുതൽ സംഗീതാരാധനയും പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന ഗാനമേളയും ഉണ്ടാകും.

സ്വാഗത സംഘം ചെയർമാൻ ഡോ.ഒ വാസവൻ അധ്യക്ഷത വഹിച്ചു. ജന. കൺവീനർ എം. പ്രസാദ് സ്വാഗതവും കെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.