കനത്ത മഴ: കുരുടിമുക്കില്‍ ലോട്ടറിക്കടയില്‍ വെള്ളം കയറി, 15,000രൂപയുടെ നാശനഷ്ടം


കുരുടിമുക്ക്‌: ശക്തമായ മഴയെ തുടർന്ന് കുരുടിമുക്കിൽ ലോട്ടറി കടയുടെ അകത്ത് വെള്ളം കയറി. ഇന്നലെ രാത്രിയിലാണ് ശക്തമായ മഴയില്‍ പി.പി നിഖിലിന്റെ ഗൗരാമി എന്ന കടയില്‍ വെളളം കയറിയത്. വളര്‍ത്തു മത്സ്യങ്ങള്‍ക്കും നായകള്‍ക്കുമുള്ള ഭക്ഷണം വില്‍ക്കുന്ന കട കൂടിയാണിത്. ഏതാണ്ട് അയ്യായിരത്തോളം ലോട്ടറികള്‍ വെള്ളത്തില്‍ നശിച്ചിട്ടുണ്ട്. കൂടാതെ ഷോപ്പിലെ മുഴുവന്‍ ഫര്‍ണിച്ചറുകളും വെള്ളത്തില്‍ മുങ്ങിപ്പോയി. ഏതാണ്ട് 15,000ത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി നിഖില്‍ പറയുന്നു. ഈ വര്‍ഷം മൂന്നാം തവണയാണ് ഇവിടെ മഴയില്‍ വെള്ളം കയറുന്നത്‌.

കുരുമുക്ക് ടൗണിലെ മുഴുവന്‍ ഓടകളും മണ്ണ് വീണ് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി മണ്ണ് നീക്കം ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ശക്തമായ മഴ പെയ്താല്‍ അങ്ങാടിയിലെ കടകളില്‍ വെള്ളം കയറുന്ന സ്ഥിതിയാണ്. ഓടകളിലെ മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കുരുടിമുക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നിരവധി തവണ പഞ്ചായത്തിനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ പഞ്ചായത്ത് നടപടികളൊന്നുമെടുത്തില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

അരിക്കുളം പഞ്ചായത്തിന്റെ അനാസ്ഥതയാണ് അങ്ങാടിയിലെ വെള്ളക്കയറ്റത്തിന് കാരണമെന്നാണ്‌ വ്യാപാരി വ്യവസായി ഏകോപന സമിതി കുരുടിമുക്ക് യൂണിറ്റ് പ്രസിഡണ്ട് ശ്രീധരൻ കണ്ണമ്പത്ത് പറയുന്നത്‌. നിലവിലെ സാഹചര്യം പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ്പ്രസിഡന്റ് ഷാഫി (കെയുഎംഎസ്‌)ടെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു.

അരിക്കുളം പഞ്ചായത്ത് ഭരണസമിതി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് കുരുടിമുക്ക് അങ്ങാടിയിലെ മുഴുവൻ ഓടകളും തുറന്നു ചെളി നീക്കി വെള്ളം സുഗമമായി ഒഴിഞ്ഞു പോകാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് റിയാസ് ഊട്ടേരി ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതികുരുടിമുക്ക് യൂണിറ്റ് സെക്രട്ടറി സുര അഞ്ചു ഹോട്ടൽ സ്വാഗതം പറഞ്ഞു. ആഷിക് റോയൽ അബ്ദുറഹിമാൻ എആര്‍ബേക്കറി എന്നിവർ സംസാരിച്ചു.