ഒരു തോണി കൂടി മറിഞ്ഞിട്ടുണ്ട്!; കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും പോയ തോണി മറിഞ്ഞ് അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍
കൊയിലാണ്ടി: ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി തോണി മറിഞ്ഞ് അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ വൈഷ്ണവം, ശിവാര്‍ച്ചന, സിസി കൃഷ്ണ എന്നീ തോണികളാണ് ശക്തമായ കാറ്റിലും തിരയിലും പെട്ട് മറിഞ്ഞത്.
തുടര്‍ന്ന് ഫിഷറീസ് അസി.ഡയറക്ടര്‍ സുനീറിന്റെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് സി.പി.ഒ ഷാജി മൂടാടി, റസ്ക്യൂ ഗാര്‍ഡുമായ മിഥുന്, നിധീഷ്, സ്രാങ്ക് സത്യന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍.
രക്ഷാപ്രവര്‍ത്തനത്തില്‍ മൂന്ന് തോണികളും അതിലെ ഒമ്പത് പേരെയും രക്ഷപ്പെടുത്തി കരയിലേക്ക് വരുന്നതിനിടെ ശിവനാമം എന്ന തോണിയില്‍ പോയ തൊഴിലാളികളെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഒമ്പത് പേരെ കരയ്ക്കെത്തിക്കാന്‍ നടപടിയെടുത്ത ശേഷം ശിവനാമം തോണിയിലെ തൊഴിലാളികളെ തിരയുന്നതിനിടെ മറ്റു തോണിക്കാര്‍ ഇതിലെ തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട തിരച്ചിലിന് ശേഷമാണ് രണ്ട് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. എന്നാല്‍ തോണി ഒഴുകിപോയി.
രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍;