ബി.പി കൂടിയതാണോ? ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ


ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു നിശബ്ദ കൊലയാളിയാണ്. പലപ്പോഴും ശ്രദ്ധേയമായ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ ഉയർന്ന രക്തസമ്മർദ്ദം തിരിച്ചറിയപ്പെടാൻ വൈകിയേക്കാം. കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കിൽ ഹൃദ്രോഗം, പക്ഷാഘാതം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് ഇടയാക്കും.

കഠിനമായ തലവേദനയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഒരു സാധാരണ ലക്ഷണം. എല്ലാ തലവേദനയും ഇതു മൂലമാകില്ല എന്നതും ശ്രദ്ധിക്കുക. തലക്കറക്കം, ഛര്‍ദ്ദി തുടങ്ങിയവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ഉണ്ടായേക്കാം.

ചിലരില്‍ നെഞ്ചുവേദന വരുന്നതും ചിലപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമാകാം. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ചിലരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ഉണ്ടാകാം.

മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് വിദഗ്ധര്‍ പറയുന്നത്.

ചിലരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം കാലുകളിലേയ്ക്കും കൈകളിലേയ്ക്കുമുള്ള സുഗമമായ രക്തപ്രവാഹം തടസപ്പെടാനുള്ള സാധ്യത ഏറെയാണ്. നടക്കുമ്പോള്‍ കാലുവേദന, തണുത്ത കൈകാലുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതുമൂലം ഉണ്ടാകാം.

കാഴ്ച മങ്ങലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമായി കാണപ്പെടാറുണ്ട്. ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് ഇതിനെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ സമീപിക്കുക.