കുട്ടവഞ്ചി ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം; കുറ്റ്യാടിയില്‍ ഒരാള്‍ക്ക് 5000 രൂപ പിഴയിട്ട്‌ ഫിഷറീസ് വകുപ്പ്


കുറ്റ്യാടി: കുറ്റ്യാടി പുഴയുടെ തിരുവള്ളൂര്‍ ഭാഗത്ത് ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയില്‍ കുട്ടവഞ്ചി ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ഒരാള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഗില്‍ നെറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ കര്‍ണ്ണാടക സ്വദേശിയായ ചന്ദുവിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാള്‍ ഉപയോഗിച്ച ഫൈബര്‍ കൊട്ടവഞ്ചിയിലെ വലയും ഗില്‍നെറ്റും മത്സ്യങ്ങളും ഉള്‍പ്പെടെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിംഗിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു.

വടകര മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ദില്‍ന ഡി.എസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിലെ എസ്.സി. പി.ഒ രാജന്‍, സി.പി.ഒ. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പിടിച്ചെടുത്ത മത്സ്യങ്ങള്‍ ലേലം ചെയ്ത് വില സര്‍ക്കാരിലേക്ക് ഒടുക്കി. പിഴയായി 5000 രൂപയും കക്ഷികളില്‍ നിന്ന് ഈടാക്കി. കേരള ഉള്‍നാടന്‍ ഫിഷറീസ് ആക്ട്, അക്വാകള്‍ച്ചര്‍ ആക്ട്, ചട്ടപ്രകാരം രജിസ്‌ട്രേഷനും ലൈസന്‍സും ഇല്ലാതെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. അനധികൃതമായി ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.