അരിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ചന്ദനമരങ്ങള്‍ മോഷണം പോയതായി പരാതി; മോഷണം നടന്നത് ഇന്നലെ അര്‍ദ്ധരാത്രിയോടെ


കൊയിലാണ്ടി: അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടിലെ ചന്ദനമരങ്ങള്‍ മോഷണം പോയതായി പരാതി. രണ്ട് മരങ്ങളാണ് മോഷണം പോയത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ചന്ദനമരത്തിന്റെ കാതലുള്ള ഭാഗം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്താണ് കൊണ്ടുപോയത്.

മരത്തിന്റെ ചെറിയ ചില്ലകളും മറ്റും കോമ്പൗണ്ടില്‍ തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. ഇന്ന് രാവിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയവരാണ്‌ ഉപക്ഷേിച്ച നിലയിലുള്ള ചന്ദന മരത്തിന്റെ ചില്ലകള്‍ കണ്ടത്. തുടര്‍ന്ന് ജീവനക്കാര്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് അധികൃതരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്തിടെ അരിക്കുളത്തെ പൂതേരിപ്പാറ പ്രദേശത്തുനിന്നും ചന്ദനമരങ്ങള്‍ മോഷണം പോയിരുന്നു.