ഹോസ്റ്റലിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന, ആശുപത്രിയിലേക്ക് പോകുംവഴി മരണം; പന്തലായനി സ്വദേശിയായ വിദ്യാര്‍ഥിയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്


കൊയിലാണ്ടി: പന്തലായനി സ്വദേശിയായ അഭിറാമിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഞായറാഴ്ച വീട്ടില്‍ നിന്നും അങ്കമാലിയിലെ ഹോസ്റ്റലിലേക്ക് പോയ അഭിറാമിന് ഹോസ്റ്റലില്‍വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

അങ്കമാലിയില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിയാണ് അഭിറാം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം കൊയിലാണ്ടിയിലെ വീട്ടീലെത്തിച്ചു. അഭിറാമിനെ അവസാനമായി കാണാന്‍ എറണാകുളത്തുള്ള ഒട്ടുമിക്ക സഹപാഠികളും എത്തിയിരുന്നു. നിറമിഴികളോടെയാണ് ഏവരും പ്രിയ കൂട്ടുകാരനെ യാത്രയാക്കിയത്. രാത്രി ഏഴുമണിയോടെയായിരുന്നു സംസ്‌കാരം.

പന്തലായനി പറമ്പത്ത് പ്രദീശന്‍- നിഷ ദമ്പതികളുടെ മൂത്ത മകനാണ് അഭിറാം. സഹോദരന്‍: അര്‍ജിത്ത്. ഒക്ടോബര്‍ 13 വെള്ളിയാഴ്ചയാണ് സഞ്ചയനം.