എട്ട് ടീമുകൾ, ആവേശകരമായ മത്സരങ്ങൾ; കൊയിലാണ്ടിയിൽ നടന്ന സരസ് ചന്ദ്രൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിൽ കൗണ്ടി കണ്ണൂർ ചാമ്പ്യൻമാർ


കൊയിലാണ്ടി: അകാലത്തില്‍ പൊലിഞ്ഞ ക്രിക്കറ്റ് കളിക്കാരനും അമേരിക്കയിലെ എന്‍ജിനീയറുമായ സരസ് ചന്ദ്രന്റെ ഓര്‍മ്മയില്‍ കുടുംബം ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സരസ് ചന്ദ്രന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വക്കററ്റ് കെ.സത്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഉത്തര കേരളത്തില്‍ നിന്നുള്ള എട്ട് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ കൗണ്ടി കണ്ണൂര്‍ വിന്നേഴ്‌സ് ട്രോഫിയും എലൊ ആര്‍മി തലശ്ശേരി വിന്നേഴ്‌സ് ട്രോഫിയും കരസ്ഥമാക്കി.

സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പക്ടര്‍ എ.അനീഷ് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ക്യാപ്റ്റന്‍ രാമചന്ദ്രന്‍ റിട്ട. മേജര്‍ സരള്‍ ചന്ദ്രന്‍ (സരസ് ചന്ദ്രന്റെ അച്ഛനും സഹോദരനും) വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സംസ്ഥാന ബോക്‌സിംഗ് ടീമില്‍ തിരഞ്ഞെടുക്കപ്പെട്ട സത്യ വിനായകിന് മെമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു.