വീടിന് തീവെപ്പും കവര്‍ച്ചയും അടക്കം നിരവധി കേസുകളില്‍ പ്രതി; ഉള്ള്യേരി സ്വദേശിയായ യുവാവിനെ കാപ്പചുമത്തി നാടുകടത്തി


അത്തോളി: തീവെപ്പും കവര്‍ച്ചയും ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ഉള്ള്യേരി തെരുവത്ത് കടവ് പുതുവയല്‍ ഫായിസിനെയാണ് (29) നാട്ടുകടത്തിയത്. ഇതുപ്രകാരം ഒരു വര്‍ഷത്തേക്ക് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല.

അത്തോളി പൊലീസ് സ്റ്റേഷനില്‍ മാത്രമായി ആറോളം കേസില്‍ പ്രതിയാണ് ഇയാള്‍. തെരുവത്ത് കടവില്‍ നിരന്തരം സാമൂഹിക വിരുദ്ധധ പ്രവര്‍ത്തനം നടത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇവിടെ ഒരു വീടിന് തീയിട്ട കേസില്‍ റിമാന്‍ഡിലായിരുന്ന ഫായിസ് പിന്നീട് ജാമ്യം നേടിയിരുന്നു.

അത്തോളി പോലീസാണ് ഇയാളെ കാപ്പ ചുമത്തി കസ്റ്റഡിയിലെടുക്കുകയും നടപടി സ്വീകരിക്കാനായി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ടു നല്‍കുകയുമായിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കറുപ്പസ്വാമിയുടെ ശുപാര്‍ശയിലാണ് നടപടി.

ഒക്ടോബര്‍ ആറുമുതല്‍ ഒരു വര്‍ഷത്തേക്കാണ് നാടുകടത്തിയത്. കണ്ണൂര്‍ ഡപ്യൂട്ടി ഇന്‍സെപ്ക്ടര്‍ ജനറല്‍ തോംസണ്‍ ജോസാണ് നാടുകടത്തലിന് ഉത്തരവ് നല്‍കിയത്.