വര്‍ക്‌ഷോപ്പില്‍ നിന്ന് മോഷ്ടിച്ച കാറുമായി കടയിലെത്തി മൊബൈലും മോഷ്ടിച്ചു; കൊയിലാണ്ടി കോമത്തുകരയില്‍വെച്ച് പ്രതിയെ പിടികൂടി ട്രാഫിക് പൊലീസും നാട്ടുകാരും


കൊയിലാണ്ടി: എരങ്ങിപ്പാലത്തിന് സമീപത്തെ വര്‍ക് ഷോപ്പില്‍ നിന്നും കാര്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി കൊയിലാണ്ടിയില്‍ പിടിയില്‍. കാസര്‍കോട് മാണിയാട്ട് മൈലാച്ചുംകുളങ്ങരയില്‍ പി.വി.ലബീഷ് (23) ആണ് പിടിയിലായത്. മോഷ്ടിച്ച കാറുമായി കൊയിലാണ്ടിയിലെത്തിയ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ കോമത്തുകരയില്‍വെച്ച് ട്രാഫിക് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് എരഞ്ഞിപ്പാലത്തുനിന്നും കാര്‍ മോഷണം പോയത്. സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച കാറുമായി താമരശ്ശേരി ഭാഗത്തേക്ക് സഞ്ചരിച്ച ഇയാള്‍ താമരശ്ശേരിയിലെ ഒരു കടയില്‍ നിന്ന് മൊബൈല്‍ ഫോണും മോഷ്ടിച്ചു. തുടര്‍ന്ന് കാറില്‍ ഉള്ള്യേരി, കൊയിലാണ്ടി ഭാഗത്തേക്ക് കുതിക്കുകയായിരുന്നു. ഇയാള്‍ കൊയിലാണ്ടിയിലുണ്ടെന്ന് മനസിലാക്കി നടക്കാവ് പൊലീസെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്.

മാളിക്കടവില്‍ നിന്നും ഒരു വാനും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുനിന്ന് ഒരു ബൈക്കും മോഷ്ടിച്ചതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കോഴിക്കോട് ജെ.സി.എം നാല് കോടതിയില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.