ഭാഗ്യം ലഭിച്ചത് വില്‍ക്കാതെ ബാക്കിയായ ലോട്ടറിക്ക്; ഒരു കോടിരൂപ സ്വന്തമാക്കി അത്തോളി സ്വദേശിയായ ലോട്ടറി ഏജന്റ്


കൊയിലാണ്ടി: വില്‍ക്കാതെ പോയ ലോട്ടറിയ്ക്ക് ഒരു കോടി രൂപ സമ്മാനമടിച്ചതിന്റെ സന്തോഷത്തിലാണ് അത്തോളിക്കാരനായ ലോട്ടറി ഏജന്റ് ഗംഗാധരന്‍. സംസ്ഥാന സര്‍ക്കാറിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ഗംഗാധരന്റെ കടയില്‍ ബാക്കിയായ ടിക്കറ്റിന് അടിച്ചത്.

ഇന്നലെയാണ് നറുക്കെടുപ്പ് നടന്നത്. ഇതേ നറുക്കെടുപ്പില്‍ ആറ് പേര്‍ക്ക് 5000 രൂപ വീതം ഇവിടെ നിന്ന് വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചിരുന്നു. ബാങ്ക് സമയം കഴിഞ്ഞതിനാല്‍ ഒന്നാം സമ്മാനമായ ഒരു കോടി അടിച്ച കാര്യം ഗംഗാധരന്‍ ആരോടും പറഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ അത്തോളിയിലെ എസ്ബി.ഐ ബാങ്കില്‍ ടിക്കറ്റ് ഏല്‍പ്പിച്ചതിന് ശേഷമാണ് സമ്മാനമടിച്ച കാര്യം പുറത്ത് വന്നത്.

അത്തോളി ഗ്രാമ പഞ്ചായത്തിന്റെ സമീപത്താണ് ഗംഗാധരന്‍ നടത്തുന്ന ലോട്ടറി കടയും സ്‌റ്റേഷനറി കടയുമുള്ളത്. 33 വര്‍ഷം ബസ് ജീവനക്കാരനായിരുന്ന ഗംഗാധരന്‍ നാലു വര്‍ഷത്തിന് മുമ്പാണ് ലോട്ടറി കച്ചവടം തുടങ്ങിയത്.