തൃക്കോട്ടൂര്‍ സ്‌കൂളില്‍ പി.ടി.എ തെരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിത സംഭവങ്ങള്‍; മൂന്ന് മണിക്ക് തുടങ്ങിയ നടപടികള്‍ അവസാനിച്ചത് രാത്രി ഒമ്പതുമണിയോടെ, യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു


പയ്യോളി: തൃക്കോട്ടൂര്‍ എ.യു.പി സ്‌കൂളില്‍ പി.ടി.എ തെരഞ്ഞെടുപ്പിനിടെ തര്‍ക്കം. വാക്കുതര്‍ക്കങ്ങളെ തുടര്‍ന്ന് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പ് നടപടികള്‍ രാത്രി ഒമ്പതുമണിവരെ നീണ്ടു. തര്‍ക്കത്തിനും അപ്രതീക്ഷിത സംഭവങ്ങള്‍ക്കുമൊടുവില്‍ നിലവിലെ പി.ടി.എ പ്രസിഡന്റായ എം.വി.ഷിബു വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

പി.ടി.എയിലെ രക്ഷിതാക്കളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള ജനറല്‍ ബോഡി യോഗം വൈകുന്നേരം മൂന്നുമണിയോടെയാണ് ആരംഭിച്ചത്. യോഗത്തില്‍ നിലവിലെ പി.ടി.എ പ്രസിഡന്റ് 11 അംഗങ്ങളുളള ഒരു പാനല്‍ മുന്നോട്ടുവെച്ചു. ഇതിനെതിരെ പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും പയ്യോളി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ കെ.ടി.വിനോദിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് മറ്റൊരു പാനല്‍ വെച്ചു. അതോടെ തെരഞ്ഞെടുപ്പ് നടന്നു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനലിലെ ഏഴുപേരും എല്‍.ഡി.എഫ് പാനലിലെ നാലുപേരും തെരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്ന് ജനറല്‍ ബോഡ് പിരിച്ചുവിട്ട് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെയാണ് തര്‍ക്കം ഉടലെടുത്തത്. സര്‍ക്കാര്‍ ചട്ടപ്രകാരം പി.ടി.എയില്‍ പതിനൊന്ന് രക്ഷിതാക്കളുടെ പ്രതിനിധികളും പത്ത് അധ്യാപക പ്രതിനിധികളുമാണുണ്ടാവുക. തൃക്കോട്ടൂര്‍ എ.യു.പി സ്‌കൂളിലെ അധ്യാപക പ്രതിനിധികളെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ എല്‍.ഡി.എഫ് അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയ്ക്കായിരുന്നു മുന്‍തൂക്കം.

പി.ടി.എ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് അജ്മലിനെ യു.ഡി.എഫും എം.വി ഷിബുവിനെ എല്‍.ഡി.എഫും നിര്‍ദേശിച്ചതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പും വോട്ടെടുപ്പിലേക്ക് നീങ്ങി. ഇതോടെ പി.ടി.എയിലെ അധ്യാപക പ്രതിനിധികള്‍ വോട്ടുചെയ്യരുത് എന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. നേരത്തെ സ്റ്റാഫ് മീറ്റിങ് യോഗത്തില്‍ ഇങ്ങനെ തീരുമാനിച്ചിട്ടുണ്ട് എന്നായിരുന്നു യു.ഡി.എഫ് വാദം. എന്നാല്‍ സ്റ്റാഫ് മീറ്റിങ്ങില്‍ യു.ഡി.എഫ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ പ്രതിനിധി കൂടിയായ പ്രധാന അധ്യാപകന്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിരുന്നെന്നും ആ സമയത്തുതന്നെ സ്റ്റാഫ് സെക്രട്ടറി അഭിപ്രായ വ്യത്യാസം അറിയിച്ചതാണെന്നും അധ്യാപക പ്രതിനിധികള്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ചട്ടപ്രകാരം പി.ടി.എ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അധ്യാപക പ്രതിനിധികള്‍ക്കു വോട്ടു ചെയ്യാമെന്നും അത് തങ്ങളുടെ അവകാശമാണെന്നും അധ്യാപക പ്രതിനിധികള്‍ വാദിച്ചു. ഇതോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് നടപടികള്‍ ബഹിഷ്‌കരിക്കുന്നതായി അറിയിക്കുകയും യു.ഡി.എഫ് പാനലില്‍ നിന്നുള്ള രക്ഷിതാക്കളുടെ പ്രതിനിധികളായ ഏഴുപേര്‍ ഇറങ്ങിപ്പോകുകയും ചെയ്തു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെക്കാമെന്ന പ്രധാന അധ്യാപകന്‍ നിര്‍ദേശിച്ചെങ്കിലും മറ്റുള്ളവര്‍ ഇതിനെ എതിര്‍ത്തു. ഇതോടെ വോട്ടെടുപ്പ് നടക്കുകയും ഒമ്പതുപേരുടെ പിന്തുണയോടെ എ.വി.ഷിബു പി.ടി.എ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. എം.വി.വിജിലയാണ് വൈസ് പ്രസിഡന്റ്. റിട്ടേണിംഗ് ഓഫീസര്‍ ശൈലേഷ് പി.ടി.എ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്ന സമയത്ത് പയ്യോളി പൊലീസ് സ്ഥലത്തെത്തി.

പത്തംഗ ട്രസ്റ്റിന്റെ കീഴിലാണ് തൃക്കോട്ടൂര്‍ എ.യു.പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. 2016 മുതല്‍ ഈ ട്രസ്റ്റംഗങ്ങള്‍ക്കിടയില്‍ സ്വത്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. അംഗങ്ങളില്‍ എട്ടുപേര്‍ ഒരു ഭാഗത്തും രണ്ടുപേര്‍ മറുഭാഗത്തുമായി തര്‍ക്കം രൂക്ഷമായിട്ട് കുറച്ചുകാലമായെന്നും പറയുന്നു. പി.ടി.എ പ്രസിഡന്റായിരുന്ന എ.വി.ഷിബുവിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് സര്‍വ്വകക്ഷി യോഗം വിളിച്ച് സ്‌കൂളിലെ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഈ ശ്രമങ്ങള്‍ക്ക് തടയിടാനും എ.വി.ഷിബു വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യമൊഴിവാക്കാനും മാനേജ്‌മെന്റിലെ ചിലരുടെ ഇടപെടലിന്റെ ഭാഗമാണ് പി.ടി.എ തെരഞ്ഞെടുപ്പില്‍ നടന്ന സംഭവവികാസങ്ങളെന്നും ഷിബുവിനെ അനുകൂലിക്കുന്നവർ പറയുന്നത്.