നാലു ദിവസങ്ങളിലായി നാല് രംഗാവതരണം; പൂക്കാട് കലാലയത്തില്‍ അമ്വേചര്‍ നാടകോത്സവത്തിന് തുടക്കം
കൊയിലാണ്ടി: നാല് ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന അമേച്വര്‍ നാടകോത്സവത്തിന് പൂക്കാട് കലാലയത്തില്‍ തുടക്കം. കൊയിലാണ്ടി നിയോജക മണ്ഡലം എം എല്‍ എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി സാമ്പത്തിക സഹായം നല്‍കി നിര്‍മ്മിച്ചിട്ടുള്ള ഇരുപത് നാടകങ്ങളില്‍ നാലെണ്ണമാണ് പൂക്കാട് കലാലയം സര്‍ഗ്ഗവനി ഓഡിറ്റോറിയത്തില്‍ നടക്കുന്നത്.
സുരേഷ് ബാബു ശ്രീസ്ഥ രചനയും മനോജ് നാരായണന്‍ സംവിധാനവും നിര്‍വ്വഹിച്ച ചിമ്മാനം എന്ന പൂക്കാട് കലാലയം അവതരിപ്പിച്ച നാടകമാണ് ആദ്യ ദിനം അരങ്ങേറിയത്. കാസര്‍ക്കോട് ജില്ലയിലെ ചിമ്മാനക്കളി എന്ന നാടന്‍ കലയില്‍ നിന്നും ഉള്‍ക്കൊണ്ടതാണ് ചിമ്മാനത്തിന്റെ പ്രമേയം. രണ്ടാം ദിവസം തൃശൂര്‍ പ്ലാറ്റ്‌ഫോം തിയറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന അകലെ അകലെ മോസ്‌കോ എന്ന നാടകവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ തൃശൂര്‍ നാടക സൗഹൃദം അവതരിപ്പിക്കുന്ന സൈ്വരിത പ്രയാണം, നാടകപ്പുര ചേര്‍പ്പ് അവതരിപ്പിക്കുന്ന പ്ലാംയാ ല്യൂബ്യൂയ് എന്ന നാടകവും അരങ്ങേറും.
ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. കെ. ശ്രീകുമാര്‍ അധ്യക്ഷം വഹിച്ചു. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി മുഖ്യപ്രഭാഷണം നടത്തി. സംഗീത നാടക അക്കാദമി നിര്‍വ്വാഹക സമിതി അംഗം വി ടി മുരളി, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയില്‍, നാടക പ്രവര്‍ത്തകന്‍ വില്‍സന്‍ സാമുവല്‍, യു.കെ. രാഘവന്‍, ശിവദാസ് ചേമഞ്ചേരി, സുനില്‍ തിരുവങ്ങൂര്‍, ശിവദാസ് കാരോളി എന്നിവര്‍ പങ്കെടുത്തു. സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസര്‍ വി.കെ. അനില്‍ കുമാര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ശിവദാസ് കുനിക്കണ്ടി നന്ദിയും പറഞ്ഞു.