‘ലോഹം’ സിനിമ കണ്ട് ആകൃഷ്ടനായി; കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് കോഴിക്കോട് അറസ്റ്റില്‍


കോഴിക്കോട്: കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. വടക്കാങ്ങര അറക്കല്‍ വീട്ടില്‍ മുഹമ്മദ് ഷിബിലിയെയാണ് (28) നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളിലെ വിവിധ ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് കേന്ദ്രത്തിലെ വിവിധ അന്വഷണ ഏജന്‍സികളായ റോയുടെയും എന്‍.എ.എ.യുടെയും ഓഫീസറാണെന്ന് പറഞ്ഞ് പണംപറ്റിച്ച് മുങ്ങുന്നതാണ്്ഇയാളുടെ രീതി.

കൂടാതെ, പത്രങ്ങളിലെ മാട്രിമോണിയല്‍ കോളങ്ങളിലെ പരസ്യങ്ങളില്‍ വരുന്ന രണ്ടാം വിവാഹക്കാരായ സ്ത്രീകളുടെ പേരും വിവരവും ഫോണ്‍ നമ്പറും എടുത്തശേഷം അവരെ വിളിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സ്വര്‍ണവും പണവും തട്ടിയെടുക്കുന്നതും ഇയാളുടെ പതിവാണ്. ഇതിനുപുറമേ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ വഴി ചുരുങ്ങിയ ചെലവില്‍ ആന്ധ്രാപ്രദേശ്, ബെംഗളൂരു തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗ്രാനൈറ്റ്, മാര്‍ബിള്‍സ് എന്നിവ ഇറക്കിത്തരാമെന്ന് പറഞ്ഞ് ഒട്ടേറെ പേരില്‍നിന്ന് പണവും തട്ടിയെടുത്തിട്ടുണ്ട്.

സ്വന്തം ഫോട്ടോ പതിപ്പിച്ച കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ വ്യാജ ഐ.ഡി. കാര്‍ഡും നിരവധി കേസുകളുടെ ഓണ്‍ലൈനില്‍നിന്ന് എടുത്ത എഫ്.െഎ.ആറിന്റെ കോപ്പികളും മറ്റ് രേഖകളും ഇയാളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ‘ലോഹം’ എന്ന സിനിമ കണ്ടിട്ട് ആകൃഷ്ടനായിട്ടാണ് ഈ രീതിയിലുള്ള തട്ടിപ്പ് നടത്താന്‍ തുടങ്ങിയതെന്നാണ് മുഹമ്മദ് ഷിബിലി പോലീസിനോട് വെളിപ്പെടുത്തിയത്.

പ്രതിയുടെ പേരില്‍ ആള്‍മാറാട്ടത്തിനും വഞ്ചനക്കുറ്റം നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാല് കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണിപ്പോള്‍.