ശക്തമായ മഴ; താമരശ്ശേരി ചുരത്തില്‍ മലയിടിഞ്ഞു
കൊയിലാണ്ടി: ശക്തമായ മഴയെത്തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ മലയിടിഞ്ഞു. ചുരത്തില്‍ തകരപ്പാടിയ്ക്ക് മുകളിലായാണ് മലയിടിഞ്ഞത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം.
വാഹന ഗതാഗതത്തിന് തടസ്സമാകാത തരത്തിലാണ് മണ്ണും കല്ലും ദേശീയ പാതയിലേക്ക് വീണിരിക്കുന്നത്. റോഡില്‍ നിന്നും മണ്ണ് നീക്കം ചെയ്യാനുളള ശ്രമങ്ങള്‍ തുടങ്ങി. മഴയില്‍ വലിയ വെള്ളച്ചാട്ടങ്ങള്‍ ചുരത്തില്‍ രൂപപ്പെട്ടിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് ഒറ്റപ്പട്ട ശക്തമായ മഴയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
പ്രത്യേക ജാഗ്രത നിര്‍ദേശവും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ മഞ്ഞ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്.
അടുത്ത മണിക്കൂറുകളില്‍ കേരളത്തിലെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും, മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.