42ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ പദ്ധതി പ്രതിസന്ധിയില്‍; പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന നിലപാടില്‍ ഉറച്ച് സ്വകാര്യ ആശുപത്രികള്‍


തിരുവനന്തപുരം: 42 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ആശ്വാസമായിരുന്ന കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചിരിക്കുകയാണ്.

ഒക്ടോബര്‍ 1 മുതല്‍ പിന്മാറുമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍. 300 കോടിയോളം രൂപ കുടിശ്ശികയുള്ളതില്‍ 104 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചത്.

കേന്ദ്രവിഹിതം കൃത്യമായി കിട്ടാത്തത് മുതല്‍, സഹായം കിട്ടുന്നവരുടെ എണ്ണം കൂടിയത് വരെയുള്ള കാരണങ്ങളാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്നും വിശദീകരണം.

മിക്ക ആശുപത്രികള്‍ക്കും ഒരു വര്‍ഷം മുതല്‍ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്. 14 കോടി രൂപ കുടിശ്ശിക കിട്ടാത്തത് ഈ മാസം 26 മുതല്‍ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് എന്നറിയിച്ച് പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബോര്‍ഡ് വെച്ചുകഴിഞ്ഞു. തീരുമാനത്തില്‍ നിന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പിന്മാറാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തിരമായി 104 കോടി അനുവദിച്ചത്.

എന്നാല്‍ കുടിശ്ശിക മുഴുവന്‍ തീര്‍ക്കാതെ തീരുമാനത്തില്‍ പുനരാലോചന ഇല്ലെന്ന് കെപിഎച്ച്എ വ്യക്തമാക്കി. സമയബന്ധിതമായി കുടിശ്ശിക തീര്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പലതവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കെ.പി.എച്ച്.എ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ചികിത്സാ ധനസഹായത്തിനായി സംസ്ഥാന സര്‍ക്കാാര്‍ നടപ്പാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയാണ് കാരുണ്യ. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവരുന്ന അവസരങ്ങളിലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്.