ആ ഭാഗ്യശാലി കേരളത്തിന് പുറത്ത്; ഓണം ബമ്പര്‍ കോയമ്പത്തൂര്‍ സ്വദേശിക്ക്


കോഴിക്കോട്: തിരുവോണം ബംമ്പര്‍ ലോട്ടറി അടിച്ചത് കോയമ്പത്തൂര്‍ സ്വദേശിയ്‌ക്കെന്ന് സൂചന. കോയമ്പത്തൂര്‍ സ്വദേശി നടരാജിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. കോഴിക്കോട്ടെ ഏജന്‍സി പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

പാലക്കാട് വാളയാറില്‍ നിന്നും നടരാജ് എടുത്ത പത്ത് ടിക്കറ്റുകളില്‍ ഒന്നിനാണ് ബംമ്പറടിച്ചതെന്നാണ് സൂചന.

തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോര്‍ഖി ഭവനില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണത്തെ ഓണം ബമ്പറിന്റെത്. TE 230662 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത്.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും. ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട ഇത്തവണ, 75,65,000 ടിക്കറ്റുകളാണ് വിറ്റു പോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 ലക്ഷം ടിക്കറ്റുകളുടെ വര്‍ധനയാണ് ഇത്തവണയുണ്ടായത്.