നിപ നിരീക്ഷണത്തിലിരിക്കെ നാദാപുരം സ്വദേശികള്‍ പുറത്തുപോയതായി കണ്ടെത്തല്‍; ക്വാറന്റൈന്‍ ലംഘിച്ചത് മരുതോങ്കര സ്വദേശിയുമായി സമ്പര്‍ക്കത്തിലായവര്‍, കേസെടുക്കുമെന്ന് പൊലീസ്



നാദാപുരം:
നാദാപുരം സ്വദേശികളായ ദമ്പതിമാര്‍ ക്വാറന്റീന്‍ ലംഘിച്ചതായി കണ്ടെത്തി. നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാട്ടെ വീട്ടില്‍ ദമ്പതിമാര്‍ താമസിച്ചിരുന്നു. നാദാപുരം ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡിലെ വീട്ടില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വീട്ടുകാരായ യുവതിയും ഭര്‍ത്താവും പുറത്ത് പോയതായി കണ്ടെത്തിയത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ദമ്പതിമാരുടെ വിവരം നാദാപുരം പോലീസിന് കൈമാറി. പകര്‍ച്ചവ്യാധിനിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. നിപബാധിച്ച് മരിച്ച ആളുടെ ബന്ധുക്കളായ ഇവര്‍ മരണവീട്ടില്‍ രണ്ടുദിവസത്തിലധികം താമസിച്ചിരുന്നു.

നാദാപുരത്ത് ക്വാറന്റീനിലുളളവരുടെ സ്രവം പരിശോധിക്കുന്നതിനായി ആരോഗ്യ വകുപ്പ് സംഘം വീട്ടിലെത്തിയപ്പോഴാണ് ദമ്പതിമാര്‍ പുറത്ത് പോയതായി കണ്ടെത്തിയത്. മൊബൈല്‍ ലാബ് സംവിധാനത്തിലൂടെയാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നത്.

നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, ജെ.പി.എച്ച്.എന്‍ വിസ്മയ, ആശാ വര്‍ക്കര്‍ അനില എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.