കൊല്ലം പിഷാരികാവിലെ പ്രസാദത്തിനും നിവേദ്യങ്ങള്‍ക്കും സുരക്ഷിതത്വത്തിന്റെ മാധുര്യവും; ക്ഷേത്രത്തിന് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഭോഗ് സര്‍ട്ടിഫിക്കറ്റ്
കൊയിലാണ്ടി: ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈറ്റ് റൈറ്റ് പദ്ധതിയുടെ ഭാഗമായുളള ഭോഗ് സര്‍ട്ടിഫിക്കറ്റിന് കൊല്ലം പിഷാരികാവ് ക്ഷേത്രം അര്‍ഹയായി. ഇത് സംബന്ധിച്ചുളള അറിയിപ്പ് ലഭിച്ചതായി പിഷാരികാവ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ.ജഗദീഷ് പ്രസാദ് അറിയിച്ചു.
ആരാധനാലയങ്ങളില്‍ നിന്നുളള പ്രസാദം, നിവേദ്യം, അന്നദാനം എന്നിവയ്ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്ന ഭോഗ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്ന കോഴിക്കോട് ജില്ലയിലെ ആദ്യക്ഷേത്രമായി പിഷാരികാവ് ക്ഷേത്രം മാറി. ക്ഷേത്രത്തില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കെല്ലാം ഭക്ഷ്യ സുരക്ഷാ പരിശീലനം നല്‍കുകയും ക്ഷേത്രത്തില്‍ വിതരണം ചെയ്യുന്ന പ്രസാദം, പാചകത്തിനും കുടിക്കാനും ഉപയോഗിക്കുന്ന വെളളം എന്നിവ ലാബില്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് എഫ്.എസ്.എസ്.എ.ഐ അംഗീകൃത ഏജന്‍സിയുടെ ഓഡിറ്റു നടത്തുകയും ചെയ്തിരുന്നതായി കൊയിലാണ്ടി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ വിജി വില്‍സണ്‍ അറിയിച്ചു. മാര്‍ച്ച് മാസത്തില്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിന് മുമ്പ് ഓഡിറ്റ് പൂര്‍ത്തീകരിച്ചിരുന്നു. രണ്ട് വര്‍ഷം മൂല്യമുളള സര്‍ട്ടിഫിക്കറ്റ് വീണ്ടും പരിശോധന നടത്തി പുതുക്കുകയാണ് വേണ്ടത്.