നിപ: കൊയിലാണ്ടി നഗരത്തില്‍ തിരക്ക് കുറഞ്ഞു; ബസുകളില്‍ ആളുകള്‍ കുറഞ്ഞു, പഴം, പച്ചക്കറി വിപണിയേയും ബാധിച്ചെന്ന് വ്യാപാരികള്‍


കൊയിലാണ്ടി: കോഴിക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ചതോടെ കൊയിലാണ്ടി നഗരവും തിരക്കൊഴിഞ്ഞ നിലയില്‍. വ്യാപാര മേഖലയിലും ബസുകളിലും ആശുപത്രിയിലും ആളില്ലാത്ത അവസ്ഥയാണ്.

നിപ വൈറസ് സ്ഥിരീകരിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ബസ് ജീവനക്കാരും വ്യാപാര മേഖലയുമെല്ലാം കൊവിഡ് കാലത്തേതു പോലെയുളള പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ആള്‍ക്കൂട്ട നിയന്ത്രണം പ്രഖ്യാപിച്ചതോടെയും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയതിനാലും ബസ് കലക്ഷനില്‍ നേരിയ കുറവ് വന്നിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. 3000 രൂപയോളമാണ് രണ്ടു ദിവസം പിന്നിട്ടപ്പോള്‍ കലകഷനില്‍ കുറവ് വന്നിരിക്കുന്നത്. ദിവസേന 1000 രൂപയോളം എസ്.ടി ലഭിക്കുന്നത് സ്‌കൂള്‍ അവധി പ്രഖ്യാപിച്ചതോടെ ഇല്ലാതായി. കൊയിലാണ്ടി- വടകര റൂട്ടിലാണ് ആളുകള്‍ വലിയ തോതില്‍ കുറഞ്ഞത്. 13000 രൂപയോളം ദിവസേന ലഭിക്കുന്നിടത്ത് ഇന്നലെ 9000 രൂപ മാത്രമാണ് കിട്ടിയതെന്നും ജീവനക്കാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

പഴം, പച്ചക്കറി വിപണിയെയും നിപ സാഹചര്യം ബാധിച്ചിട്ടുണ്ട്. പച്ചക്കറി, പഴങ്ങള്‍ എന്നിവ വാങ്ങുന്നതില്‍ വലിയ കുറവ് വന്നിട്ടുണ്ടെന്ന് കൊയിലാണ്ടിയിലെ വ്യാപാരികള്‍ പറയുന്നു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ആളുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ദിവസേന 3000 ത്തോളം ആളുകള്‍ വരുന്നിടത്ത് ഇപ്പോള്‍ ആയിരത്തില്‍ താഴെയായി കുറഞ്ഞിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. രോഗിയുടെ കൂടെ ഒരാള്‍ മാത്രം എന്ന നിയന്ത്രണവും വരുത്തിയിട്ടുണ്ട്.

നിലവില്‍ നിപ ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കൊയിലാണ്ടി നഗരം ഒന്നു കൂടി തിരക്കൊഴിയാനാണ് സാധ്യത.