കുരുടിമുക്കിലെ ബ്രദേഴ്‌സ് സത്യനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ആ കാര്‍ കണ്ടെത്താന്‍ സഹായിക്കാമോ?; സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവിട്ട് അഭ്യര്‍ത്ഥനയുമായി കുരുടിമുക്കിലെ ഡ്രൈവേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി
അരിക്കുളം: കുരുടിമുക്ക് അങ്ങാടിയില്‍ ജീവനകാരുണ്യ പ്രവര്‍ത്തനത്തിലും സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്ന ബ്രദേഴ്‌സ് സത്യനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ വാഹനം കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി കുരുടിമുക്കിലെ ഡ്രൈവേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി. ആഗസ്റ്റ് 28ന് പുലര്‍ച്ചെയാണ് സത്യന്‍ അപകടത്തില്‍പ്പെടുന്നത്.
രാവിലെ നടക്കാന്‍ ഇറങ്ങിയതായിരുന്നു അദ്ദേഹം.സപൈങ്ങാറ താഴെയുടെയും തറമലങ്ങാടിയുടെയും ഇടയില്‍ വെച്ചാണ് അപകടം നടന്നത്. ഒരു കാര്‍ പിറകിലൂടെ വന്ന് സത്യനെ ഇടിച്ച് തെറിപ്പിച്ചശേഷം നിര്‍ത്താതെ പോകുകയായിരുന്നു.
സത്യന്‍ അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും അപകടത്തിന് കാരണമായ വാഹനത്തിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പുറത്തുവിട്ട് കാര്‍ കണ്ടെത്താന്‍ ഡ്രൈവേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സഹായ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്.
ഈ വാഹനം തിരിച്ചറിഞ്ഞാല്‍ മേപ്പയൂര്‍ പോലീസ് സ്റ്റേഷനിലോ കുരുടിമുക്ക് ഡ്രൈവേഴ്‌സ് കോഡിനേഷന്‍ അംഗങ്ങളെയോ അറിയിക്കണം.