‘കുട്ടിയുടെ ശരീരത്തിന് പുറത്ത് പരിക്കേറ്റിട്ടില്ല’ ; മുക്കത്ത് കിടക്ക ദേഹത്തുവീണ് രണ്ടരവയസുകാരന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ പരിശോധന


മുക്കം: കിടക്ക ദേഹത്തുവീണ് മുക്കത്ത് രണ്ടു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അന്തരാവയവങ്ങള്‍ രാസപരിശോധന നടത്തുമെന്ന് പൊലീസ്. കിടക്ക ദേഹത്തുവീണ് കുട്ടിയുടെ ശരീരത്തിന് പുറത്ത് പരിക്കേറ്റിട്ടില്ല. കുട്ടി ശ്വാസകോശ വാല്‍വിന് പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നെന്നാണ് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. പൂര്‍ണ്ണമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നത്.

മുക്കം മണാശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപാണ് (2) ആണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. ചുമരില്‍ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന ജെഫിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉറക്കിയ ശേഷം അമ്മ കുളിമുറിയിലേക്ക് പോയ സമയത്തായിരുന്നു സംഭവം.

സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാരും രംഗത്തെത്തിയെങ്കിലും ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നാണ് പൊലീസ് അറിയിച്ചത്. കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന മുറയ്ക്ക് വ്യക്തതയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

കുളികഴിഞ്ഞെത്തിയപ്പോള്‍ കിടക്കയുടെ അടിയില്‍ കുഞ്ഞുള്ള നിലയിലായിരുന്നെന്നാണ് അമ്മ പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് കെഎംസിടി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ കുട്ടി മരിച്ചിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം.

തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കൃത്യമായ മരണ കാരണം വ്യക്തമാകൂയെന്നാണ് പൊലീസ് പറയുന്നത്.