നവരാത്രി, കാര്‍ത്തിക വിളക്ക്… ആഘോഷവേളകളില്‍ കലോപാസകര്‍ക്കും ഭക്തര്‍ക്കും സൗകര്യമാകും; കൊല്ലം പിഷാരികവിലെ സരസ്വതി മണ്ഡപത്തിന്റെ നിര്‍മ്മാണം തുടങ്ങി, ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുക ലക്ഷ്യം


കൊല്ലം: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ സരസ്വതി മണ്ഡപത്തിന്റെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങി. കിഴക്ക് ഭാഗത്ത് നിര്‍മ്മാണ പ്രവൃത്തി നടന്നുവരുന്ന സരസ്വതി മണ്ഡപം നവരാത്രി മഹോത്സവ ദിനങ്ങളിലും, കാര്‍ത്തിക വിളക്ക് ആഘോഷങ്ങളിലും, മറ്റ് വിശേഷ ദിവസങ്ങളിലും നൃത്ത-സംഗീത അര്‍ച്ചനകള്‍ നടത്തുന്നതിനും കലോപാസകര്‍ക്ക് അരങ്ങേറ്റം കുറിക്കുന്നതിനും വേദിയാകും.

ക്ഷേത്രത്തില്‍ നിത്യേന എത്തുന്ന ഭക്തന്മാര്‍ക്ക് വിശ്രമിക്കുന്നതിനും കാളിയാട്ട മഹോത്സവം, നവരാത്രി, കാര്‍ത്തിക വിളക്ക് തുടങ്ങിയ ഉത്സവ നാളുകളില്‍ വഴിപാട് കൗണ്ടറിന്റെ പിന്‍വശത്ത് താല്‍ക്കാലികമായി നിര്‍മ്മിക്കാനുള്ള പന്തലിന് പകരം സ്ഥിരം സംവിധാനം കണ്ടെത്തുന്നതിനും കൂടാതെ മണ്ഡല കാലങ്ങളില്‍ അയ്യപ്പ ഭക്തന്മാര്‍ക്ക് വിശ്രമിക്കുന്നതിനും വേണ്ടി സ്ഥിരമായി ഒരു നടപ്പന്തല്‍ നിര്‍മിക്കുകയെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. തച്ചുശാസ്ത്രവിദഗ്ധര്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് തന്ന കൈക്കണക്ക് പ്രകാരം തയ്യാറാക്കിയ 25,00000 രൂപയുടെ പ്ലാനും എസ്റ്റിമേറ്റും 2022 ആഗസ്റ്റ് 25ലെ ട്രസ്റ്റി ബോര്‍ഡ് അംഗീകരിക്കുകയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ആര്‍.കെ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനമാണ് ടെണ്ടര്‍ ഏറ്റെടുത്തിരിക്കുന്നത്. 2023ലെ കാളിയാട്ട മഹോത്സവത്തിന് മുമ്പായി പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ക്ഷേത്ര ക്ഷേമസമിതി ഇതിനെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് സ്റ്റേ വാങ്ങിയതിനാല്‍ നിര്‍മ്മാണ നടപടികള്‍ നീണ്ടുപോയി. ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് ഹൈക്കോടതി സ്‌റ്റേ നീക്കിയ സാഹചര്യത്തിലാണ് പന്തല്‍ നിര്‍മ്മാണം ആരംഭിച്ചത്. ഈ ജനുവരിക്ക് മുമ്പുതന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് ദേവസ്വം ശ്രമിക്കുന്നത്.

ഇതിനു പുറമേ നാലമ്പലം പുതുക്കി പണിയുന്നതിന് പ്ലാനും എസ്റ്റിമേറ്റും പാസായി വന്നിട്ടുണ്ട്. ഇതിനുള്ള മരപ്പണികള്‍ ഈ പന്തലില്‍ വെച്ച് നടത്താമെന്ന ലക്ഷ്യത്തിലാണ് എത്രയും വേഗം പന്തലിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്.