താമരശ്ശേരിയിലെ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
താമരശ്ശേരി: താമരശ്ശേരിയില്‍ ലഹരി മാഫിയ പ്രവാസിയുടെ വീടും കാറും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. കെ.കെ.ദിപീഷ്, പുഷ്പ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
തിങ്കളാഴ്ചയായിരുന്നു താമരശ്ശേരിയില്‍ ലഹരിമാഫിയ സംഘം ആക്രമണമഴിച്ചുവിട്ടത്. ഒരു യുവാവിന് വെട്ടേല്‍ക്കുകയും സ്ഥലത്തെത്തിയ താമരശ്ശേരി പോലീസിന്റെ ജീപ്പിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തിരുന്നു. താമരശ്ശേരി അമ്പലമുക്ക് സ്വദേശി ഇര്‍ഷാദിനാണ് വെട്ടേറ്റത്. അമ്പലമുക്ക് കൂരിമുണ്ടയില്‍ മന്‍സൂറിന്റെ (38) വീടാണ് ലഹരി മാഫിയാ സംഘം തകര്‍ത്തത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവത്തിന് തുടക്കം.
മന്‍സൂറിന്റെ വീടിനോട് ചേര്‍ന്ന് അയൂബ് എന്ന ആള് തന്റെ സ്ഥലത്ത് ടെന്റ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തുന്നു എന്നായിരുന്നു പരാതി. പരാതി നല്‍കിയതിന് പിന്നാലെ വൈകുന്നേരം അയൂബിന്റെ കൂട്ടാളികളായ കണ്ണന്, ഫിറോസ് എന്നിവര്‍ വടിവാളുമായി മന്‍സൂറിന്റെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന മന്‍സൂര്‍, ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവരെയാണ് സംഘം ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ വാതിലടച്ച് അകത്ത് കയറി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകളും സി.സി.ടി.വി. ക്യാമറയും വാഹനവും സംഘം അടിച്ച് തകര്‍ത്തു.
നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും സംഘം ഭീഷണി തുടര്‍ന്നു. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മന്‍സൂര്‍ തന്റെ വീട്ടില്‍ സി.സി.ടി.വി സ്ഥാപിച്ചത് തങ്ങളെ കുടുക്കാനാണെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്റെ വിളയാട്ടം.