കണ്ണൂരില്‍ വീട്ടമ്മയെ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു


എടക്കാട്: കണ്ണൂരില്‍ വീട്ടമ്മയെ ആൺ സുഹൃത്ത് വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. എടക്കാട് സ്വദേശി സാബിറയ്ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 6.30-ഓടെയാണ് സംഭവം.

ഫൈറൂസ് വീട്ടില്‍ അതിക്രമിച്ചുകയറി സാബിറയെ ആക്രമിക്കുകയായിരുന്നു. സാബിറയുടെ വയറ്റിലാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂത്തുപറമ്പ് സ്വദേശിയായ ഫൈറൂസ് ആണ് ആക്രമണം നടത്തിയത്. സാബിറയും ഫൈറൂസും തമ്മില്‍ മുന്‍പരിചയമുണ്ട്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതിയെ പിടികൂടി ചോദ്യംചെയ്ത ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഫൈറൂസിനായി തിരച്ചില്‍ തുടരുകയാണ്.