മേപ്പയ്യൂരില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോകുംവഴി സ്വര്‍ണാഭരണം ബസില്‍ ഊരിവീണു; കളഞ്ഞുകിട്ടിയ ആഭരണം ഉടമയ്ക്ക് നല്‍കി ബസ് ജീവനക്കാര്‍
കൊയിലാണ്ടി: ബസില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമയ്ക്ക് നല്‍കി കൊയിലാണ്ടിയിലെ ബസ് ജീവനക്കാര്‍ മാതൃകയാവുന്നു. കൊയിലാണ്ടിയില്‍ നിന്നും മേപ്പയ്യൂര്‍, താമരശ്ശേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന യുണൈറ്റഡ് ബസിലെ ജീവനക്കാരാണ് മാതൃകാപരമായ ഈ പ്രവൃത്തി ചെയ്തത്.
മേപ്പയ്യൂരില്‍ നിന്നും കൊയിലാണ്ടിയിലെത്തി ആളെ ഇറക്കി താമരശ്ശേരിയ്ക്കുള്ള അടുത്ത ട്രിപ്പ് തുടങ്ങാനിരിക്കെയാണ് ബസില്‍ സ്വര്‍ണത്തിന്റെ കൈചെയിന്‍ കണ്ടതെന്നാണ് ബസ് ജീവനക്കാരനായ പ്രജീഷ് പറയുന്നു. ഉടനെ അത് എടുത്ത് സൂക്ഷിച്ചുവെച്ചു. ആരെങ്കിലും അന്വേഷിച്ചുവന്നാല്‍ ഞങ്ങളുടെ നമ്പര്‍ കൊടുക്കണമെന്ന് ബസ് നിര്‍ത്തിയിട്ടിരുന്ന സ്ഥലത്തിന് സമീപത്തുള്ള കടക്കാരനോട് ആവശ്യപ്പെടുകയും ചെയ്താണ് താമരശ്ശേരിയ്ക്കുള്ള ട്രിപ്പ് തുടങ്ങിയത്. ബസ് താമരശ്ശേരി എത്തുമ്പോഴേക്കും ഉടമയുടെ വിളി വന്നിരുന്നുവെന്നും പ്രജീഷ് പറയുന്നു. പുളിയഞ്ചേരി സ്വദേശിനി ശ്രുതിയുടേതാണ് ആഭരണം. ആഭരണം തിരിച്ചുകിട്ടിയ ശ്രുതി ബസ് ജീവനക്കാരോട് നന്ദി പറഞ്ഞു.
ഒരുപാട് കാലത്തെ അധ്വാനത്തില്‍ നിന്ന് സ്വരുക്കൂട്ടിയതുകൊണ്ടാണ് നമ്മള്‍ ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ വാങ്ങിച്ച് അണിയുന്നത്. അത് നഷ്ടപ്പെടുമ്പോള്‍ വല്ലാത്ത വേദനയാണ്. ബസില്‍ നഷ്ടപ്പെട്ടത് ജീവനക്കാര്‍ക്ക് കിട്ടിയതാണെങ്കില്‍ അത് എടുത്തുവെച്ച് ഉടമ അന്വേഷിച്ചുവരുമ്പോള്‍ ഏല്‍പ്പിക്കുന്നതാണ് രീതിയെന്നും അദ്ദേഹം പറയുന്നു.