പ്രായപൂര്‍ത്തിയാവാത്ത മകന് ബൈക്കോടിക്കാന്‍ നല്‍കി; വടകര സ്വദേശിനിയായ അമ്മയ്ക്ക് പിഴയും തടവ് ശിക്ഷയും
വടകര: പ്രായപൂര്‍ത്തിയാവാത്ത മകന് ബൈക്കോടിക്കാന്‍ നല്‍കിയ അമ്മയ്ക്ക് പിഴയും തടവ് ശിക്ഷയും. വടകര മടപ്പള്ളി കോളേജ് കരിയാട് മീത്തല്‍ രമ്യ(40)നെയാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
30200 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ. വാഹന രജിസ്ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടുണ്ട്.
ചൊമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. പ്രായപൂര്‍ത്തിയാവാത്ത മകന്‍ ബൈക്കോടിച്ചതില്‍ കഴിഞ്ഞ ദിവസം അഴിയൂര്‍ സ്വദേശിയായ പിതാവിനെയും കോടതി ശിക്ഷിച്ചിരുന്നു. അഴിയൂര്‍ കല്ലേരി വീട്ടില്‍ ഫൈസലിനെയാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 30200 രൂപ പിഴയും പിതാവില്‍ നിന്ന് ഈടാക്കിയിരുന്നു.
പതിനാറ് കാരനായ മകന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ ചൊക്ലി സ്വദേശിനിയായ അമ്മയെ തലശ്ശേരി കോടതിയും കഴിഞ്ഞദിവസം ശിക്ഷിച്ചിരുന്നു. മുപ്പതിനായിരം രൂപയാണ് പിഴയായി വിധിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിയായ മകന്‍ ഏപ്രില്‍ മൂന്നിന് കവിയൂര്‍ പെരിങ്ങാടി റോഡില്‍ അപകടകരമായ നിലയില്‍ ബൈക്ക് ഓടിച്ചിരുന്നു. ചൊക്ലി സബ് ഇന്‍സ്‌പെക്ടര്‍ കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല. വാഹന ഉടമ ജീവിച്ചിരിപ്പില്ലെന്നും വാഹനം കൈവശംവെച്ച് കുട്ടിക്ക് ഓടിക്കാന്‍ കൊടുത്തത് മാതാവാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചൊക്ലി പൊലീസ് അമ്മയ്‌ക്കെതിരെ നടപടിയെടുത്തത്.