തിങ്കളാഴ്ച വൈകിട്ട് വരെ സമൂഹ മാധ്യമങ്ങളിൽ സജീവം; പ്രശസ്ത വ്ലോഗർ റിഫ മെഹ്നുവിന്റെ വിയോഗത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ


ബാലുശ്ശേരി: ഫാഷനും വ്യത്യസ്ത ഭക്ഷണങ്ങളും സംസ്കാരങ്ങളും അൽപ്പം വീട്ടുവിശേഷങ്ങളുമായി യൂട്യൂബിൽ നിറഞ്ഞു നിന്നിരുന്ന റിഫ മെഹ്‌റുവിന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാനാവാതെ നാടും ആരാധകരും.

വ്ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്‌നുവിനെ ഇന്ന് രാവിലെയാണ് ദുബായില്‍ ജാഫിലിയയിലെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി വരെ ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. തിങ്കളാഴ്ച ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ ഭര്‍ത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോ റിഫ സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു.

മോഡലിംഗിലും റിഫ ഏറെ ശ്രദ്ധ കേന്ദ്രികരിച്ചിരുന്നു. വിവിധ ആൽബങ്ങളിലും ഇവർ നായികയായി അഭിനയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ഏറെ ആരാധകരുള്ള വ്ളോഗറാണ് റിഫ.

റിഫ മെഹ്നു 919 എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ മുപ്പതിനായിരത്തിലധികം പേരാണ് പിന്തുടരുന്നത്. നിരവധി വീഡിയോകളിൽ ഇവർക്ക് പിന്തുണയുമായി ഭർത്താവും ഒപ്പമുണ്ടായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ഇരുപതിനായിരത്തിലധികം ഫോളോവേഴ്സുമുണ്ട്. ടിക്ടോകിലും സജീവമാണ്. ടിക്ടോകില്‍ രണ്ട് ലക്ഷത്തോളം പേര്‍ ഇവരെ ഫോളോ ചെയ്യുന്നുണ്ട്.

ബാലുശ്ശേരി സ്വദേശിയാണ് റിഫ. ഇവർക്ക് രണ്ടു വയസ്സ് ഉള്ള മകളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.