വിളവെടുപ്പ് തുടങ്ങി; പുളിയഞ്ചേരിയില്‍ വിരിഞ്ഞ ചെണ്ടുമല്ലി പൂക്കള്‍ ഓണവിപണിയിലേക്ക്


പുളിയഞ്ചേരി: പുളിയഞ്ചേരിയില്‍ വിരിഞ്ഞ ചെണ്ടുമല്ലി പൂക്കളുമുണ്ടാകും ഇത്തവണ കൊയിലാണ്ടിയിലെ പൂവിപണിയില്‍. ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ നാലാം വാര്‍ഡ് പുളിയഞ്ചേരി, അയ്യപ്പാരി താഴെയാണ് കൃഷി നടത്തുന്നത്. ആത്മ കോഴിക്കോടിന്റെയും കൊയിലാണ്ടി കൃഷിഭവന്റെയും സഹകരണത്തോടെയാണ് പൂകൃഷി ആരംഭിച്ചത്.

നാല്‍പത് സെന്റോളമുള്ള സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. ഓറഞ്ചും മഞ്ഞയും നിറമുള്ള 2000 തൈകളാണ് കൃഷിഭവന്‍ എത്തിച്ചു തന്നത്. 45 ദിവസത്തിനകം മൊട്ടുവിരിയുകയും 60 ദിവസമാകുമ്പോഴേക്കും പൂക്കള്‍ വിരിയുകയും ചെയ്തു.

കൊയിലാണ്ടി കൃഷി ഓഫീസര്‍ പി.വിദ്യ പദ്ധതി വിശദീകരണം നടത്തി. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍ കിഴക്കെ വീട്ടില്‍ പ്രകാശന് പൂക്കള്‍ നല്‍കി ആദ്യ വില്‍പന നടത്തി.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ.അജിത്ത് മാസ്റ്റര്‍, സി.പ്രജില, നിജില പറവക്കൊടി, ആത്മ പ്രൊജക്ട് ഡയറക്ടര്‍ സപ്ന എസ് കൗണ്‍സിലര്‍മാരായ ശൈലജ.ടി.പി, വത്സരാജ് കോളോത്ത്, ബഷീര്‍ മാസ്റ്റര്‍, സിജീഷ്.പി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍ സ്വാഗതവും മേരി ഗോള്‍ഡ് എഫ്.ഐ.ജി അംഗം എം.കെ.ലിനീഷ് നന്ദിയും പറഞ്ഞു.