അകലാപ്പുഴ പാലം അകലത്തെന്നെ; കൊയിലാണ്ടിയിൽ നിന്ന് തുറയൂരിലേക്ക് എളുപ്പത്തിലെത്താൻ ഇനി എത്ര കാത്തിരിക്കണം


കൊയിലാണ്ടി: കൊയിലാണ്ടി, പേരാമ്പ്ര നിയോജകമണ്ഡലങ്ങളെയും മൂടാടി, തുറയൂർ ​ഗ്രാമ പഞ്ചായത്തുകളെയും തമ്മിൽ ബന്ധിപ്പിച്ച് അകലാപ്പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പാലം പ്രവ‍ൃത്തി എങ്ങുമെത്തിയില്ല. പാലത്തിനായി സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 32 കോടി രൂപ വകയിരുത്തിയിരുന്നുവെങ്കിലും സ്ഥലമേറ്റെടുപ്പിലും അലെെൻമെന്റിലുമുണ്ടായ പ്രശ്നങ്ങൾ കാരണം പദ്ധതി നീണ്ടുപോവുകയായിരുന്നു. ചേമഞ്ചേരി പഞ്ചായത്തില്‍ കോരപ്പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന തോരായി കടവുൾപ്പെടെ ഇതോടൊപ്പം തുക വകയിരുത്തിയ പല പാലങ്ങളുടെയും പണി പുരോ​ഗമിക്കുമ്പോഴും അകലാപ്പുഴ പാലം നിർമ്മാണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്.

വാഹന ഗതാഗതം സുഗമമാക്കുന്നതിനായാണ് അകലാപ്പുഴ പാലത്തിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി തുക വകയിരുത്തിയത്. മൂടാടി പഞ്ചായത്തിലെ മുചുകുന്ന് ഭാഗത്ത് പാലം നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുമ്പോൾ നാലുവീടുകൾ ഏറ്റെടുക്കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് എതിർപ്പ് ഉയർന്നിരുന്നു. തുറയൂർഭാഗത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്തിന്റെ മധ്യത്തിലൂടെയായിരുന്നു നേരത്തെ അലൈൻമെന്റ് തയ്യാറാക്കിയത്. ഇതിനെതിരേ ഉടമ കോടതിയെ സമീപിച്ചതും പദ്ധതി നീണ്ടുപോവാൻ കാരണമായി. ഇതേ തുടർന്ന് ചെറിയ ഡീവിയേഷൻ വരുത്തിയ പുതിയ അലൈൻമെന്റിന് സർക്കാർ അംഗീകാരം ലഭിച്ചിട്ടുണ്ട്. പാലവുമായി ബന്ധപ്പെട്ട സാമൂഹികാഘാതപഠനം നേരത്തേത്തന്നെ പൂർത്തിയായിട്ടുണ്ട്.

ദേശീയപാതയിലെ ആനക്കുളങ്ങരനിന്ന് ആറര കിലോമീറ്റർ ദൂരമാണ് മുചുകുന്ന് അകലാപ്പുഴ കടവിലേക്ക്. അവിടെയാണ് പാലം നിർമിക്കേണ്ടത്. കടവ് കടന്നാൽ തുറയൂരായി. പാലം യാഥാർഥ്യമായാൽ കിലോ മീറ്ററുകൾ ചുറ്റിവളയാതെ കൊയിലാണ്ടിയിൽനിന്ന് എളുപ്പത്തിൽ തുറയൂർ ഭാഗത്തേക്ക് എത്തിച്ചേരാൻ കഴിയും.

തുറയൂർ പഞ്ചായത്തിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തെ തുടർന്നാണ് അകലാപ്പുഴ പാലം പണിയുടെ നടപടിക്രമങ്ങൾ വൈകിയതെന്ന് മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പാലം വന്നാൽ സ്ഥലം രണ്ടായി പോകുമെന്ന് പറഞ്ഞ് ഉടമ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. അലൈൻമെന്റിൽ മാറ്റം വരുത്തി പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുചുകുന്ന് ഭാഗത്ത് നാല് വീടുകളാണ് പാലം നിർമ്മാണത്തിനായി പൊളിച്ചുമാറ്റേണ്ടി വരിക. കാനത്തിൽ ജമീല എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോ​ഗത്തിൽ പര്യാപ്തമായ നഷ്ട പരിഹാരത്തോടെ സ്ഥലം വിട്ടുനൽകാൻ ഉടമസ്ഥർ തയ്യാറാണെന്ന് അറിയിച്ചു. അതിനാൽ ഉടമസ്ഥരിൽ നിന്നും അഡ്വാൻസ് കൺസന്റ് വാങ്ങി എത്രയും പെട്ടന്ന് പാലം പണി ആരംഭിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയോര വികസനത്തിന് വഴിതെളിയിക്കുന്ന കണ്ണൂർ-കൊയിലാണ്ടി ബദൽ റോഡ് യാഥാർഥ്യമാകണമെങ്കിൽ അകലാപ്പുഴ പാലം വരണം. കോഴിക്കോട്, കണ്ണൂർ, ജില്ലകളിലെ ഒട്ടേറെ ഗ്രാമങ്ങളെയും ടൗണുകളെയും ബന്ധിപ്പിക്കുന്നതാണ് ബദൽ റോഡ്. ആനക്കുളം-മുചുകുന്ന്-തുറയൂർ- മണിയൂർ-തോടന്നൂർ-ചെമ്മരത്തൂർ- വില്യാപ്പള്ളി-എടച്ചേരി-പൂക്കോം-പാനൂർ- കൂത്തുപറമ്പുവഴി കണ്ണൂരിലെത്താം. കൊയിലാണ്ടിയിൽനിന്ന് കണ്ണൂരേക്കുള്ള 70 കി.മീ. ദൂരം 56 കി.മീറ്ററായി ചുരുങ്ങും. ദേശീയപാതയിലെ ഗതാഗതക്കുരുക്കിനും പരിഹാരവുമാകും. അക്കരെയുള്ളവർക്ക് ആശുപത്രി, സ്കൂൾ, കോളജ് എന്നിവിടങ്ങളിലേക്കുമുള്ള യാത്രയും എളുപ്പമാകും.

Summary: The bridge construction across the Akalapuzha