കോടികളുടെ സാമ്പത്തിക തട്ടിപ്പ്: പ്രതികളുടെ വിവരം തേടി ബെംഗളൂരു പൊലീസ് കൊയിലാണ്ടിയില്‍; സുബീഷും, ശില്‍പ്പയും കൊയിലാണ്ടിയില്‍ കറങ്ങിയത് സ്വകാര്യ സുരക്ഷാസേനയുടെ അകമ്പടിയില്‍


കൊയിലാണ്ടി: ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ മലയാളി ദമ്പതികളുടെ കൊയിലാണ്ടി ബന്ധം അന്വേഷിച്ച് പൊലീസ്. കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ എത്തി ബെംഗളൂരു പൊലീസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഹൈദരബാദിലെ വ്യാപാരിയിൽനിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളാണ് ഇരുവരും. തൃശൂർ സ്വദേശി സുബീഷ് പി വാസു, കർണാടക ബിലേക്കഹള്ളി സ്വദേശി ശിൽപ ബാബു എന്നിവരാണ് തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയാണ് സുബീഷ്.

പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ കൊയിലാണ്ടി മേഖലയിലെ പ്രധാന ക്ഷേത്രങ്ങളിൽ സന്ദർശിച്ചതായി പൊലീസിനു വിവരം ലഭിച്ചത്. രണ്ട് പ്രധാന ക്ഷേത്രങ്ങൾ സന്ദർശിച്ച ഇവർ വലിയ തുക സംഭാവന നൽകി ബന്ധങ്ങൾ സ്ഥാപിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. സ്വകാര്യ സുരക്ഷ സേനയുടെ അകമ്പടിയോടെയായിരുന്നു ക്ഷേത്ര ദർശനം.

രണ്ട് മാസം മുമ്പ് പല തവണ സുബീഷും ശിൽപയും കൊയിലാണ്ടിയിൽ എത്തിയിട്ടുണ്ട്. ഈ പ്രദേശത്തെ പ്രമുഖ വ്യാപാരികളെ ലക്ഷ്യമിട്ടാണ് ഇവർ ബന്ധങ്ങൾ സ്ഥാപിച്ചത് എന്നാണ് വിവരം. കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ബെംഗളൂരുവിലെ ഒന്നിലധികം പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. തട്ടിപ്പ് കേസുകളിൽ പ്രതിയായ ഇവർ നേരത്തെ നടത്തിയ തട്ടിപ്പുകളെല്ലാം അതത് പ്രദേശങ്ങളിൽ ബന്ധങ്ങൾ സ്ഥാപിച്ചതിന് പിന്നാലെയാണെന്നും വ്യക്തമായിട്ടുണ്ട്. [mid]

Summary: The police are investigating the Koyilandy relationship of a Malayali couple arrested in Bengaluru in a financial fraud case