എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികള്‍ മുമ്പും മയക്കുമരുന്ന് കേസില്‍ പിടിയിലായവര്‍; സംഭവത്തെക്കുറിക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികള്‍ മുമ്പും മയക്കുമരുന്ന് കേസില്‍ പിടിയിലായവര്‍. 2017ല്‍ മയക്കുമരുന്ന് കൈവശംവെച്ച കേസില്‍ പിടിയിലായവരാണ് ഇന്നലെ എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച ചെങ്ങോട്ടുകാവ് സ്വദേശി നിമേഷും, അരങ്ങാടത്ത് സ്വദേശി മുര്‍ഷിദും. ഈ കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്ന് കൊയിലാണ്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ എ.പി.ദിപീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ഇന്നലെ രാത്രി അഞ്ചോളം വരുന്ന സംഘമാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇതില്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നിമേഷിനും മുര്‍ഷിദിനും പുറമേ കൊയിലാണ്ടി സ്വദേശി യാസിന് ആണ് അറസ്റ്റിലായത്.
കൊയിലാണ്ടി നഗരത്തിലെ ബാവാ സ്ക്വയറിന്റെ ഭാഗത്ത് മദ്യപരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും തമ്പടിക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ കഴിഞ്ഞദിവസം പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളോട് കാര്യം അന്വേഷിക്കാനായി ചെന്നപ്പോള്‍ ഇവര്‍ അക്രമിക്കുകയായിരുന്നെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. യുവാക്കളുടെ അക്രമത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ.കെ.രതീശന്റെ ചെവിയ്ക്ക് അരികിലായി പേനകൊണ്ട് കുത്തേറ്റിട്ടുണ്ട്.
തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. മൂന്നുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
എക്സൈസ് ഉദ്യോഗസ്ഥരടക്കം ലഹരി സംഘങ്ങളുടെ ആക്രമണത്തിന് ഇരയാവുന്ന സംഭവങ്ങള്‍ കൊയിലാണ്ടിയില്‍ ആവര്‍ത്തിക്കുകയാണ്. ജൂലായ് 14ന് പെരുവെട്ടൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന മൊയ്തീന് പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു.